BREAKING NEWSLATESTNATIONAL

മുളക് ഐസ്‌ക്രീം റെഡി; എന്നാല്‍ പിന്നെ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തുകൂടെ

ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മളില്‍ പലരുടെയും വായില്‍ വെള്ളം നിറയും. ഏറ്റവും കൊതിയോടെ നമ്മളില്‍ പലരും ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് ഐസ്‌ക്രീം. വിവിധ ഫ്‌ലേവറുകളില്‍ ഐസ്‌ക്രീം ലഭ്യമാണ്. വാനില, ചോക്ലേറ്റ്, ബട്ടര്‍സ്‌കോച്ച് മുതല്‍ വിസ്‌കിയുടെ വരെ ഫ്‌ലേവറില്‍ ഐസ്‌ക്രീം ലഭ്യമാണ്. എന്നാല്‍ ഐസ്‌ക്രീമിന് അല്പം എരിവുണ്ടെങ്കില്‍ കൊള്ളാം എന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ നേരെ പോകേണ്ടത് ഇന്‍ഡോറിലേക്കാണ്. മുളക് ചേര്‍ത്ത ഐസ്‌ക്രീം റെഡി.
‘ജന്നത്ത് മിര്‍ച്ചി ഐസ്‌ക്രീം റോള്‍’ എന്നാണ് പേര്. ഇന്‍ഡോറില്‍ നിന്നുള്ള ഫുഡ് വ്‌ലോഗര്‍ റിഷബ് സിങാണ് സ്പൂണ്‍സ് ഓഫ് ഇന്‍ഡോര്‍ 2.0 എന്ന യൂട്യൂബ് ചാനലില്‍ മുളക് ഐസ്‌ക്രീമിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മുതല്‍ ട്രെന്‍ഡ് ചെയ്യുന്ന റോള്‍ ഐസ് ക്രീം രീതിയിലാണ് മുളക് ഐസ്‌ക്രീം തയ്യാറാക്കുന്നത്.
വിഡിയോയില്‍ തെരുവ് കച്ചവടക്കാരന്‍ ആദ്യം പച്ചമുളക് മുറിച്ച് ഒപ്പം ന്യൂട്ടെല്ല ചേര്‍ക്കുന്നത് കാണാം. പിന്നീട്, പാല്‍ ക്രീം ഒഴിച്ചു നന്നായി മിക്‌സ് ചെയ്യുന്നത് കാണാം. അതിനുശേഷം, മിശ്രിതം പരത്തി മുറിച്ച ശേഷം റോളുകളാക്കുന്നതും വീഡിയോയിലുണ്ട്. അവസാനം ഒരു പാത്രത്തിലേക്ക് റോള്‍ ഐസ്‌ക്രീം മാറ്റിയശേഷം ടോപ്പിംഗ്‌സ് ചേര്‍ക്കുന്നത് കാണാം. ഭംഗിക്കായി പച്ചമുളകിന്റെ കഷണങ്ങളും ക്രമീകരിക്കുന്നുണ്ട്. മുളക് ഐസ്‌ക്രീം കഴിച്ചു നോക്കിയ ഒരാള്‍ ‘വളരെയധികം മുളക് ചേര്‍ത്തിട്ടുണ്ട്’ എന്ന് വിഡിയോയില്‍ പറയുന്നതും കാണാം.
വീഡിയോയ്ക്ക് പ്രതീക്ഷിച്ചതുപോലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കൂടുതല്‍ പേരും വിമശനവുമായാണ് മുന്നോട്ട് വന്നത്. നമുക്ക് ഫുഡ് അബ്യൂസ് കണ്‍ട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യ എന്ന സ്ഥാപനം ആവശ്യമാണ് എന്നാണ് ഒരാളുടെ കമന്റ്. ‘ഏതായാലും മുളക് ചേര്‍ത്തു, കുറച്ച് വെളുത്തുള്ളിയും ഇഞ്ചിയും കൂടെ ചേര്‍ത്തോളൂ’ എന്നാണ് ഒരാളുടെ പരിഹാസരൂപേണയുള്ള കമന്റ്.
കഴിഞ്ഞ വര്‍ഷം ഐസ്‌ക്രീം വടാപാവ് ശ്രദ്ധ നേടിയിരുന്നു. കാന്റീന്‍ ക്വാറന്റീനോ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് ഐസ്‌ക്രീം വടാപാവിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1 മിനിറ്റ് ദൈര്‍ഖ്യമുള്ള വിഡിയോയില്‍ പാവില്‍ പലതരം സിറപ്പുകള്‍ ആദ്യം ഒഴിക്കുന്നത് കാണാം. പിന്നീട് വാനില ഐസ് ക്രീമിന്റെ ഒരു ഉരുള പാവിന്റെ ഇടയില്‍ കയറ്റുന്നു. തുടര്‍ന്ന് പല നിറങ്ങളിലുള്ള കുറച്ചു സിറപ്പുകളും ട്യൂട്ടി ഫ്രൂട്ടിയും ഇടുന്നതോടെ ഐസ് ക്രീം വടാപാവ് തയ്യാര്‍. ഗുജറാത്തിലെ സൂറത്തിലാണ് ഐസ്‌ക്രീം വടാപാവിന്റെ വില്പന നടക്കുന്നത്.

Related Articles

Back to top button