BREAKING NEWSKERALA

‘നിവേദനത്തില്‍ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ല’: വിശദീകരണവുമായി ശശി തരൂര്‍ എംപി

കെ റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നിവേദനത്തില്‍ ഒപ്പുവെക്കാതിരുന്നതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിര്‍ക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് തന്റെ നിലപാടെന്നും ശശി തരൂര്‍ വ്യക്തമാക്കി. നിവേദനത്തില്‍ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നല്‍കേണ്ട. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാര്‍ നിവേദനത്തില്‍ ഒപ്പിട്ടു. നിവേദനം നല്‍കിയ എംപിമാരുമായി ഇന്ന് റെയില്‍വെ മന്ത്രി അശ്വനി കുമാര്‍ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്.

ശശി തരൂരിന്റെ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം കാസര്‍ഗോഡ് സെമി ഹൈ സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാര്‍ ഒപ്പ് വെച്ച നിവേദനത്തില്‍ ഞാന്‍ ഒപ്പ് വെച്ചിട്ടില്ല എന്നത് പല ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട് എന്നത് മലയാളം വാര്‍ത്താ മാധ്യമ സുഹൃത്തുക്കള്‍ മുഖേന അറിയാന്‍ കഴിഞ്ഞു.
ഈ പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീര്‍ണമായ വിവിധ വശങ്ങള്‍ മൂലം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാന്‍ സമയം വേണമെന്നുമുള്ള അഭിപ്രായം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു.
അതു കൊണ്ടു തന്നെ ഈ നിവേദനത്തില്‍ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയില്‍ പദ്ധതിക്ക് ഞാന്‍ നിലവില്‍ അനുകൂലമാണ് എന്നതല്ല അര്‍ത്ഥം. മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാന്‍ സമയം വേണമെന്നാണ്.
എന്റെ സുഹൃത്തുക്കളായ എം പി മാര്‍ ഒപ്പ് വെച്ച നിവേദനത്തില്‍ നിന്ന് (ഇതിന് മുന്‍പ് ഞാന്‍ അത് കണ്ടിട്ടില്ലായിരുന്നു) വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്‌നങ്ങള്‍ (തദ്ദേശവാസികളെ ബാധിക്കുന്നവ), പരിസ്ഥിതി പ്രശ്‌നങ്ങള്‍ (പ്രത്യേകിച്ചും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആഘാതം), അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത (പ്രത്യേകിച്ചും ഈ പദ്ധതിയുടെ ഫണ്ടിങ്ങ്, ഈ പദ്ധതി അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ബാധ്യത, യാത്രയുടെ ചിലവ്), തുടങ്ങിയവ.
ഇതെല്ലാം കൂടുതല്‍ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്‌നങ്ങളാണ്. അത് കൊണ്ട് തന്നെ ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചര്‍ച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയില്‍ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാന്‍ പാടുള്ളൂ.
അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീര്‍ണ്ണവും, അതേ സമയം പ്രധാനപ്പെട്ടതുമായ വികസന പദ്ധതിയുടെ കാര്യത്തില്‍ കൃത്യമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുകയും ചെയ്യും.

Related Articles

Back to top button