BREAKING NEWSLATESTNATIONAL

‘കഴിഞ്ഞ 40,000 വര്‍ഷമായി എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒരുപോലെ’: മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: കഴിഞ്ഞ നാല്‍പതിനായിരം വര്‍ഷമായി എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒന്നാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ പൂര്‍വികനാണ് ഉള്ളതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ബഗവത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ചും ആര്‍എസ്എസിന്റെ രാഷ്ട്രീയതാത്പര്യങ്ങളെക്കുരിച്ചും അദ്ദേഹം പരിപാടിയില്‍ വാചാലനായി.
കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്കു മേല്‍ ആര്‍എസ്എസിന് ഒരു നിയന്ത്രണവുമില്ലെന്ന് മോഹന്‍ ഭഗവത് വ്യക്തമാക്കി. ബിജെപിയ്ക്കും ആര്‍എസ്എസിനും പ്രത്യേക നയങ്ങളും പ്രവര്‍ത്തനരീതിയും സംവിധാനങ്ങളും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനവ്യക്തികള്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി. എന്നാല്‍ ഇത് മാധ്യമങ്ങള്‍ പറയുന്നതു പോലെ ബിജെപിയെ ആര്‍എസ്എസ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനു തുല്യമാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ധര്‍മശാലയില്‍ മുന്‍ സൈനികര്‍ പങ്കെടുത്ത ഒരു പരിപാടിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശനിയാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ ആയിരത്തോളം വിമുക്ത ഭടന്മാരാണ് പങ്കെടുത്തത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കണമെന്ന് മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ കുനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ അനുശോചിച്ച് ഒരു മിനുട്ട് അദ്ദേഹം മൗനം ആചരിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനും പത്‌നി മധുലികാ റാവത്തിനും സൈനികോദ്യോഗസ്ഥര്‍ക്കും മോഹന്‍ ഭഗവത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇതിനിടയിലായിരുന്നു അദ്ദേഹം ഇന്ത്യക്കാരുടെ ഡിഎന്‍എയെപ്പറ്റി പരാമര്‍ശം നടത്തിയത്. എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒരുപോലെയാണെന്നായരുന്നു മോഹന്‍ ഭഗവതിന്റെ പരാമര്‍ശം. ‘40,000 വര്‍ഷം മുന്‍പ് ജീവിച്ച നമ്മുടെ പൂര്‍വികന്മാരുടെ ഡിഎന്‍എയ്ക്ക് സമമാണ് ഇപ്പോഴത്തെ ഇന്ത്യക്കാരുടെയും ഡിഎന്‍എ. നമ്മുടെ എല്ലാം പൂര്‍വികര്‍ ഒന്നാണ്. ഈ പൂര്‍വികര്‍ മൂലമാണ് നമ്മുടെ സംസ്‌കാരം വളര്‍ന്നു പന്തലിച്ചതും സംസ്‌കാരത്തിനു തുടര്‍ച്ചയുണ്ടായതും.’ മോഹന്‍ ഭഗവത് പറഞ്ഞു.
കഴിഞ്ഞ 96 വര്‍ഷമായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ എക്കാലത്തും ആര്‍എസ്എസിന് എതിരായിരുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് സംഘം പ്രവര്‍ത്തിച്ചത്. സമൂഹത്തില്‍ എന്നു പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായാലും ആര്‍എസ്എസ് തയ്യാറായിരുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

Related Articles

Back to top button