SPECIALWEB MAGAZINE

വാവ

ബിജു കൊട്ടപ്പുറം

ദൈനംദിന ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ നിന്നും സമയം അപഹരിച്ചെടുത്ത് ഇന്നു വായിച്ചു തീര്‍ത്ത മുന്നൂറ്റി നാല്പതു പേജുള്ള നോവലാണ് ശ്രീമതി വിനീത ബാബുവിന്റെ ‘വാവ ‘.
2013ല്‍ മലപ്പുറത്തു വെച്ചു നടന്ന ലൈബ്രറി കൗണ്‍സിലിന്റെ പുസ്തക മേളയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഉണ്മ ബുക്‌സിന്റെ ജീവനാഢി ശ്രീ ഉണ്മ മോഹന്‍ ഒരു പുസ്തകം എടുത്തു തന്ന് ‘പുതിയ എഴുത്തുകാരിയാണ്..പക്ഷേ ജീവിത ഗന്ധിയായ നോവലാണ്, മനോഹരമായ ശൈലിയാണ്, തീര്‍ച്ചയായും ഇഷ്ടപ്പെടും’ എന്നു പറഞ്ഞു പരിചയപ്പെടുത്തിയത്.
അന്നു വാങ്ങി വെച്ച ഒരു കെട്ട് പുസ്തകള്‍ എത്രയോ മാസങ്ങള്‍ ഷെല്‍ഫിലിരുന്നു പരിഭവിച്ചു കൊണ്ടിരുന്നു..പിന്നിടെപ്പോഴോ വീണു കിട്ടിയ ഒരു ഇടവേളയില്‍ വായനക്കായി ആദ്യം കണ്ണില്‍ തടഞ്ഞത് അന്ന് ശ്രീ ഉണ്മ മോഹന്‍ പരിചയപ്പെടുത്തിയ വിനീത ബാബുവിന്റെ ‘മനസേ മാപ്പ്’ ആയിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ നോവല്‍. അക്ഷരങ്ങള്‍ കൊണ്ടുളള മായാജാലം തന്നയായിരുന്നു അതില്‍..അത്രയും തീഷ്ണവും, വൈകാരികവുമായിരുന്നു..ഒരോ വരികളും.. അവരുടെ എഴുത്തിന്റെ ശൈലി വല്ലാത്തൊരനുഭവമായിരുന്നു. അഗ്നിയില്‍ സ്ഫുടം ചെയതെടുക്കപ്പെടാത്തൊരാള്‍ക്ക് ഇത്രമേല്‍ തീഷ്ണമായി വാക്മാരി പെയ്യിക്കാനാവില്ലാ എന്ന് അന്നു തന്നെ തിരിച്ചറിഞ്ഞു.
ആ ഒരു കൃതിയാണ് അവരുടെ എഴുത്തിന്റെ ആരാധകനാക്കി എന്നെ മാറ്റിയത്. പിന്നീടു വന്ന ‘ദ മിറക്കിള്‍ ‘ എന്ന കുറ്റാന്വേഷണ നോവലാവട്ടെ, ‘സ്വര്‍ണ്ണ നക്ഷത്രങ്ങള്‍’ എന്ന നോവലാവട്ടെ എല്ലാം എന്റെ അവരുടെ സാഹിത്യ സൃഷ്ടികളോടുള്ള ആരാധന വര്‍ദ്ധിപ്പിച്ചതേ ഉള്ളൂ..
കൊല്ലത്തെ സുജിലി പബ്ലിക്കേഷന്റെ ഫേസ് ബുക്ക് പേജില്‍ അവരിറക്കിയ ശ്രീമതി വിനീത ബാബുവിന്റെ ‘വാവ’ എന്ന നോവലിന്റെ വിവരങ്ങള്‍ വന്നതു കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. അന്നു തന്നെ പണമടച്ച് ബുക്ക് വരുത്തുകയായിരുന്നു.
ശ്രീ ഉണ്മ മോഹന്‍ എഴുതിയ അവതാരിക വായിച്ചപ്പോള്‍ തന്നെ മനസ്സിലായി നോവല്‍ നിരാശപ്പെടുത്തില്ലായെന്ന്.
പക്ഷേ ഉദ്ദേശിച്ച പോലെ തുടര്‍ന്നു വായിക്കാനായില്ല..ആഴ്ചകള്‍ വാവയും ഷെല്‍ഫിലിരുന്നു സങ്കടിച്ചിട്ടുണ്ടാവണം..
ഒടുവില്‍ ഒരാഴ്ച തന്നെ എടുത്ത് ഇന്നത്തോടെ അതു വായിച്ചു തീര്‍ത്തു.
വല്ലാത്ത ആശ്ചര്യം. എവിടെ നിന്നൊഴുകി വരുന്നു ഈ ഭാവനയും കഥാ സന്ദര്‍ഭങ്ങളുമൊക്കെ എന്ന് തോന്നിപ്പോയി..
വിശാലമായ കാന്‍വാസില്‍ എത്ര അതി മനോഹരമായാണ് ഇവര്‍ കഥ വരച്ചു വെച്ചിരിക്കുന്നത്..ശുദ്ധമായ മധുരിക്കുന്ന മാസ്മരികമായ പ്രണയം..വിനുക്കുട്ടന്‍ എന്ന ഡോക്ടര്‍ വിഘ്‌നേഷ് ആനന്ദും വാവ എന്ന അന്നപൂര്‍ണ്ണിമയും നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടുക തന്നെ ചെയ്യും..കാരണം നമ്മളില്‍ പലരും ബാല്യങ്ങളില്‍ താണ്ടി വന്ന വഴികളും കണ്ടു കൊതിച്ച സ്വപ്‌നങ്ങളും മാറാല പിടിക്കാതെ ഇന്നും ഓര്‍മ്മയില്‍ നിറനിലാവായി പെയ്യുന്ന ബാല്യ-കൗമാര പ്രണയവും എത്ര തന്മയത്വത്തോടെയാണിതില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
എഴാം വയസ്സില്‍ ഡല്‍ഹിയിലേക്ക് പറിച്ചു നടപ്പെട്ട അന്നപൂര്‍ണ്ണിമയുടെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളും, മനോരോഗ ചികിത്സകനായി മാറിയിട്ടും ബാല്യ പ്രണയ ഓര്‍മ്മകളില്‍ നാളുകള്‍ എണ്ണിത്തീര്‍ത്ത വിഘ്‌നേഷും നനവാര്‍ന്നൊരോര്‍മ്മയായി ഇനിയെത്ര ദിവസം മനസ്സിനെ മഥിച്ചു കൊണ്ടിരിക്കും എന്നറിയില്ല.
എങ്കിലും കഥാകാരീ, നിങ്ങള്‍ വിജയിച്ചിരിക്കുന്നു..ഒരു കഥാപാത്രത്തെ വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്ഠിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല.
അന്നപൂര്‍ണ്ണിമ-സമപ്രായക്കാരായ മറ്റേതൊരു പെണ്‍കുട്ടിയേക്കാളും നിറമുണ്ടായിരുന്ന സ്വപ്‌നങ്ങളെല്ലാം ബാല്യത്തില്‍ തന്നെ ഒരു മനുഷ്യ മൃഗത്താല്‍ തല്ലിത്തകര്‍ക്കപ്പെട്ട് നിര്‍വ്വികാരതയിലേക്ക് എടുത്തെറിയപ്പെട്ട കഥാ പാത്രം. അതിനു ശേഷം ലോകത്തെ സകല പുരുഷന്മാരേയും നായിക ഏറ്റവും വെറുക്കുന്ന അട്ടകളായി കണ്ട് വെറുത്ത് ശിഷ്ടകാലം ഹോമിച്ച്, മരിക്കാന്‍ ആവാത്തതിനാല്‍ സ്വപ്‌നങ്ങളില്ലാതെ ജീവിതത്തോട് തനിച്ച് അടരാടി മുന്നേറിയവള്‍.
അവളിലെ സ്ത്രീയെ മനസ്സിലാക്കാന്‍ അവളുടെ ജീവിതത്തിലേക്കു കയറി വന്ന പങ്കാളിക്കു പോലും സാധിക്കാതെ വരികയും അദ്ദേഹവും വലിയൊരട്ടയായി അവളുടെ മുന്നില്‍ മാറ്റപ്പെടുകയും ചെയ്യുമ്പോള്‍, മനസ്സിന്റെ സമനില നഷ്ടപ്പെട്ട്, ഒടുവില്‍ മനോരോഗ ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കപ്പെടുകയാണ് ചെയ്യുന്നത്.
അവിടെ ബാല്യ-ജീവ സ്പന്ദനമായിരുന്ന വിനുക്കട്ടന്‍ ഡോക്ടറുടെ റോളില്‍.
ഇരുപത്തിയഞ്ചു വര്‍ഷത്തെ വിരഹത്തിനൊടുവിലെ ബാല്യകാല പ്രണയ ജോഡികളുടെ സമാഗമം അന്നപൂര്‍ണ്ണിമയെ കൂടുതല്‍ മൗനിയാക്കുകയാണു ചെയ്തത്. അഗ്നി പാതയിലൊരിടത്ത് ഏഴു നിറങ്ങളിലുള്ള കുഞ്ഞുടുപ്പിനൊപ്പം അവളിലെ വാവയും കത്തിയെരിഞ്ഞു പോയിരുന്നുവല്ലോ.
അന്ന പൂര്‍ണ്ണിമയെ സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടു വരുവാന്‍ നായകനിലെ ചികിത്സകനും, തന്റെ വാവയാക്കി ജീവിതത്തിലേക്കു തിരിച്ചു പിടിക്കാന്‍ വിനുക്കുട്ടനെന്ന കാമുകനും ഒത്തിരി പാടല്ല പെടുന്നത്.
ഒടുവില്‍ ഡോക്ടര്‍ വിഘ്‌നേഷ് ആനന്ദിലെ വിനുക്കുട്ടനെന്ന കാമുകന്‍ തനിക്കായി ഹോമിച്ച 25 വര്‍ഷത്തെ നിസ്വാര്‍ത്ഥ സ്‌നേഹത്തെ തിരിച്ചറിയുന്നൊരു മുഹര്‍ത്തത്തില്‍ മനസ്സലിവുണ്ടായി വീണ്ടും വിനുക്കുട്ടന്റെ വാവയായി പ്രച്ഛന്ന വേഷം കെട്ടുകയാണ് നായിക.. അവള്‍ക്കറിയാമായിരുന്നിരിക്കണം കൗമാരകഥയിലെ നായികയാവാന്‍ ഒരിക്കലും തനിക്കീ ജന്മത്തില്‍ സാധിക്കില്ലെന്നു.
പതിയും കാമുകനും അവകാശമുന്നയിക്കുന്ന മുഹൂര്‍ത്തത്തില്‍ താലി ഊരിക്കൊടുത്തു ഭര്‍ത്താവിനോടും, പ്രണയ കടം വീട്ടി കാമുകനോടും യാത്ര പറഞ്ഞ് പടിയിറങ്ങുകയാണ് നായിക അന്ന പൂര്‍ണ്ണിമ..സമൂഹത്തില്‍ ചവിട്ടി അരയ്ക്കപ്പെടുന്ന സ്ത്രീ ജന്മങ്ങളുടെ സംരക്ഷകയായി..കാവലാളായി..പ്രതിരോധമായി..
വാവയെന്ന ഈ നോവലിനെ നമുക്കിങ്ങനെ ആറ്റിക്കുറിക്കി പറയാമെങ്കിലും..കഥാ വണ്ടിയില്‍ കയറ്റി ചിറമല ഗ്രാമത്തിലൂടെയും, എല്‍സിക്കുന്നിലൂടെയും ഡല്‍ഹി നഗരത്തിലൂടെയും നമ്മളെ കൊണ്ടു പോവുന്ന കഥാകാരി ആശങ്കയും ആകുലതയും വേവലാതിയും ഇടയില്‍ നുറുങ്ങു സന്തോഷങ്ങളും പകര്‍ന്നു തന്ന,് കഥാ സന്ദര്‍ഭങ്ങളുടെ നേര്‍സാക്ഷികളായി നമ്മളും ഉണ്ടെന്ന തോന്നല്‍ സൃഷ്ടിക്കുന്നു.
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ കാണുന്ന പോലെ, ഇടമുറിയാതെ വായിച്ചു പോവാനുള്ള എല്ലാ മോമ്പൊടികളും ചേര്‍ത്ത നല്ലൊരു വിഭവം തന്നെയായി വാവ എന്ന നോവല്‍.
ആയിഷ, അബൂക്ക ഡോക്ടര്‍ വിഘ്‌നേഷിന്റെ നിഴലായ ജീവിതങ്ങള്‍,
ഡോക്ടറുടെ ചികിത്സയിലുളള തെസ്‌നി, പാര്‍വ്വതി അമ്മാള്‍, രവി, അയ്യപ്പന്‍, ആനി തുടങ്ങിയ മനസിന്റെ താളം തെറ്റിയ രോഗികള്‍..അവരുടെ ജീവിതം, രോഗം, മാനസിക വ്യാപാരങ്ങള്‍,
ഡോ.വിഘ്‌നേഷുമായി സംവദിക്കാനെത്തുന്ന ജീവിച്ചു കൊതി തീരാതെ മരണപ്പെട്ട ജിജു,അഖിലന്‍, ഡയാന, മധുമോള്‍ എന്നിവരുടെ ആത്മാക്കള്‍ അവരുടെ ജീവതവും മരണവും ആത്മാവിന്റെ ചിന്തകളും, പ്രവര്‍ത്തികളും,
പ്രത്യാശയോടെ തന്റെ സ്‌നേഹം തിരിച്ചറിയപ്പെടും താനും സ്‌നേഹിക്കപ്പെടും എന്നു കരുതി കാത്തിരുന്ന് ക്ഷമ കെട്ടപ്പോള്‍ നിര്‍വ്വികാരതക്കുമേല്‍ രൗദ്രം പുറത്തെടുത്ത് ഭര്‍ത്താവിന്റെ അവകാശം പറിച്ചെടുക്കുകയും പിന്നെ അതില്‍ പ്രത്യേക ആനന്ദം കണ്ടെത്തുകയും ചെയ്ത അന്നപൂര്‍ണ്ണയുടെ ഭര്‍ത്താവ് പട്ടാളക്കാരനായ ഗൗതമന്‍, നിസംഗയും നിസ്സഹായയുമായ അന്നപൂര്‍ണ്ണിമയുടെ അമ്മ കൗസല്യാമ, പലപ്പോഴും രക്ഷകനായി മാറിയ, സ്‌നേഹം വെച്ചു നീട്ടിയിട്ടും അന്നപൂര്‍ണ്ണിമയാല്‍ അതു തിരസ്‌കരിക്കപ്പെട്ട സോനു എന്ന പോലീസ് ഇന്‍സപെക്ടര്‍ എന്നീ കഥാപാത്രങ്ങള്‍ മനസ്സില്‍ വിങ്ങലാണ് കോറിയിടുന്നത്.
ഒരിക്കല്‍ തെറ്റുന്ന മനസ്സിന്റെ താളം മിനുസപ്പെടുത്തിയ ട്രെന്‍ പാതകള്‍ പോലെയാണെന്ന് കണ്ടെത്തിയവര്‍ എത്ര സൂക്ഷിച്ചാലും എപ്പോള്‍ വേണമെങ്കിലും പാളം തെറ്റാം. ഒരു ചക്രം തെറ്റിയാല്‍ മതി പിന്നെ എല്ലാം തകിടം മറിയും എന്ന തിരിച്ചറിവോടെ മനസു മറഞ്ഞും, മറുപാതി മനസ്സോടെയും ജീവിക്കുന്നവരെ ദയാ വായ്‌പോടെയും വാത്സല്യത്തോടെയും ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് എത്ര തന്മയത്വത്തോടെയാണെന്ന് ആശ്ചര്യപ്പെട്ടു പോയി.
ചിലര്‍ ചില സാഹചര്യങ്ങളില്‍ നമ്മളെ ഒഴിവാക്കുന്നത് മനപ്പൂര്‍വ്വമായിരിക്കില്ല. അവരുടെ നിസ്സഹായാവസ്ഥയാകാം. അതില്‍ അവരോട് പരിഭിവിക്കരുത്. എന്നു കഥാകാരി പറയുന്നത് മനസ്സിലാക്കാനായാല്‍ എത്ര കലഹങ്ങള്‍, പരിഭവങ്ങള്‍, പരാതികള്‍ അലിഞ്ഞില്ലാതെയാവും..
എന്തായാലും നോവല്‍ മനസ്സു നിറഞ്ഞ അനുഭൂതി സൃഷ്ടിച്ചു.
മലയാള സാഹിത്യ നഭസില്‍ തലയെടുപ്പോടെ നിന്നു നക്ഷത്ര ശോഭ വിതറാന്‍ ഈ കഥാകാരിക്കാവട്ടെ എന്ന് ആശംസിക്കുന്നു.
സാഹിത്യ സൃഷ്ടികളിലൂടെയും സിനിമകളിലൂടെയും കൂടുതല്‍ കൂടുതല്‍ സാമൂഹിക സ്വീകാര്യതയും അംഗീകാരങ്ങളും ശ്രീമതി വിനീത ബാബുവിനെ തേടിയെത്താന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

Related Articles

Back to top button