BREAKING NEWSKERALA

അമ്മയെ നിലത്തടിച്ചു കൊല്ലാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍

ഹരിപ്പാട്: മദ്യലഹരിയില്‍ അമ്മയെ എടുത്തുയര്‍ത്തി നിലത്തടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയുംചെയ്ത സൈനികനായ മകന്‍ അറസ്റ്റില്‍. മുട്ടം ചൂണ്ടുപലക ജങ്ഷനു കിഴക്ക് ആലക്കോട്ടില്‍ സുബോധ് (37) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു. ആക്രമണദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. 69 വയസ്സുള്ള അമ്മയെ ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.
അസഭ്യം പറഞ്ഞുകൊണ്ട് സുബോധ് അമ്മയെ പിടിച്ചുവലിക്കുന്നതും നിലത്തിട്ടു ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. തന്നെ കൊല്ലുന്നേയെന്ന് അമ്മ നിലവിളിക്കുമ്പോള്‍ മകന്‍ കളിയാക്കുകയാണ്. ഇടയ്ക്ക് മൂത്തമകന്റെ പേരുവിളിച്ച് അവര്‍ രക്ഷിക്കാന്‍ പറയുന്നുണ്ട്. ബുധനാഴ്ച രാവിലത്തെ അക്രമമാണ് വീഡിയോയില്‍ കാണുന്നതെന്ന് പോലീസ് പറഞ്ഞു.
സഹോദരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായത്. അതുകണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ തനിക്കു പരാതിയില്ലെന്നും മകന്റെ ജോലിയെ ബാധിക്കരുതെന്നുമാണ് അമ്മ പറഞ്ഞത്. മകന്‍ കുറ്റംചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. മക്കള്‍ തമ്മിലാണു വഴക്കുണ്ടായതെന്നും അവര്‍ പറഞ്ഞു. മകനെ കൊണ്ടുപോയാല്‍ താനും വരുമെന്നും അമ്മ കരഞ്ഞുപറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും സുബോധ് മദ്യലഹരിയിലായിരുന്നു. സൈനികനായ സുബോധ് ബെംഗളൂരുവില്‍ ട്രേഡ്‌സ്!മാനായാണ് ജോലിചെയ്യുന്നത്. മൂന്നുദിവസം മുന്‍പാണ് അവധിക്കെത്തിയത്. ഇയാളും സഹോദരനും തമ്മില്‍ വഴക്കു പതിവാണെന്നു പോലീസ് പറഞ്ഞു. ഒരു വര്‍ഷംമുന്‍പ് കാര്‍ത്തികപ്പള്ളി ജങ്ഷനില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും സുബോധിനെ പിടികൂടിയിരുന്നു.
മദ്യലഹരിയില്‍ ബൈക്കോടിച്ചുവന്ന സുബോധ് സൈക്കിള്‍യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇതേപ്പറ്റി അന്വേഷിച്ചപ്പോഴാണ് ഇയാള്‍ അക്രമാസക്തനായത്. സൈനികനായതിനാല്‍ അന്നു നിസ്സാര വകുപ്പു ചുമത്തിയാണ് കേസെടുത്തത്.

Related Articles

Back to top button