BREAKING NEWSKERALALATEST

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ആലപ്പുഴ: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസര്‍ ബി.ജി.ഹരീന്ദ്രനാഥ് അറിയിച്ചു.
എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ മുഴുവന്‍ സ്ഥിരാംഗങ്ങള്‍ക്കും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ വോട്ടുചെയ്യാം. നിലവില്‍ ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാളെന്ന നിലയ്ക്കായിരുന്നു പ്രാതിനിധ്യവോട്ടവകാശമുള്ളത്. ഒരു ശാഖയില്‍ 600 പേരുണ്ടെങ്കില്‍ മൂന്നു പേര്‍ക്ക് വോട്ടവകാശം ലഭിക്കും. നിലവില്‍ പതിനായിരത്തോളം പേര്‍ക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
1974 ലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രാതിനിധ്യവോട്ടവകാശം നിശ്ചയിച്ചത്. നൂറുപേര്‍ക്ക് ഒരാള്‍ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളില്‍ ഇത്. എന്നാല്‍ 1999 ല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറില്‍ ഒരാള്‍ക്കാക്കി. ഇത്തരത്തില്‍ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശമില്ലെന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി റദ്ദാക്കിയത്. 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ എസ് എന്‍ ഡി പി യോഗത്തിലെ സ്ഥിരാംഗങ്ങളായ മുപ്പതുലക്ഷത്തോളം പേര്‍ക്കാണ് വോട്ടവകാശം ലഭിക്കുക.

Related Articles

Back to top button