സോഷ്യല്‍ മീഡിയ സേവനമായ ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ആദ്യമായി ഇടിവ്. ഇക്കാര്യം പുറത്തുവിട്ടതോടെ കമ്പനിയുടെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി. ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയങ്ങളും നിയന്ത്രണങ്ങളും ടിക് ടോക്ക് പോലുള്ള എതിരാളികള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചതും തിരിച്ചടിയായെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന കമ്പനിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി രണ്ടിന് മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ഓഹരിയില്‍ 20 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇതുവഴി 20,000 കോടി ഡോളറിന്റെ നഷ്ടം കമ്പനിയ്ക്കുണ്ടായെന്നാണ് കണക്കുകള്‍.
18 വര്‍ഷക്കാലത്തെ ചരിത്രത്തിനിടയ്ക്ക് ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 1,93,000 കോടി പ്രതിദിന ഉപഭോക്താക്കളുണ്ടായിരുന്നത് ഇപ്പോള്‍ 1,92,900 കോടിയിലേക്ക് ഇടിഞ്ഞു.
ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സ്വകാര്യതാ നയത്തിലുണ്ടായ മാറ്റങ്ങള്‍ കമ്പനിയെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പരസ്യ വിതരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഫേസ്ബുക്കിന്റെ പരസ്യ വിതരണത്തെ ബാധിച്ചു. ഇത് കൂടാതെ ആഗോള തലത്തിലുള്ള വിതരണ ശൃംഖലയില്‍ പകര്‍ച്ചാ വ്യാധിയുടെ സമയത്തുണ്ടായ പ്രതിസന്ധികളും കമ്പനിയ്ക്ക് പൊതുവില്‍ തിരിച്ചടിയായി.
അതേസമയം, ടിക്ടോക്ക് യൂട്യൂബ് പോലുള്ള പ്ലാറ്റ് ഫോമുകള്‍ വ്യാപകമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തുടങ്ങിയതും ഫേസ്ബുക്കിന് കനത്ത തിരിച്ചടിയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍നിന്നും ഫേസ്ബുക്കില്‍നിന്നും യുവാക്കളടങ്ങുന്ന വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ ടിക്ടോക്കിനും സാധിച്ചു.
ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, പിന്ററസ്റ്റ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഓഹരിയും ഇടിഞ്ഞിട്ടുണ്ട്. അതേസമയം, ഫെബ്രുവരി ഒന്നിന് റെക്കോര്‍ഡ് ത്രൈമാസ വില്‍പ്പന രേഖപ്പെടുത്തിയ ആല്‍ഫബെറ്റിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസം ഏകദേശം 2 ശതമാനം ഇടിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരസ്യ വിതരണ പ്ലാറ്റ്‌ഫോമിന്റെ ഉടമയാണ് മെറ്റ. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാനപാദത്തില്‍ തന്നെ പരസ്യ വിതരണത്തില്‍ കാര്യമായ അനിശ്ചിതത്വങ്ങള്‍ നേരിടുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കിയരുന്നു.
പരസ്യങ്ങള്‍ക്ക് വേണ്ടി ആപ്പുകള്‍ തങ്ങളെ പിന്തുടരുന്നത് നിര്‍ത്തിവെക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ അനുവാദം നല്‍കിയതോടെ പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കളില്‍നിന്നുള്ള വിവരങ്ങളെ ആശ്രയിക്കാനും വിപണിയെ പഠിക്കാനും പരസ്യ വിതരണ കമ്പനികള്‍ക്ക് സാധിക്കാതെ വന്നു.
അതേസമയം, ആഗോള തലത്തില്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകള്‍ക്ക് ജനപ്രീതി കുറയുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കങ്ങള്‍ ആഗോള തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുകളും സ്വകാര്യതയുമായി ബന്ധപ്പെട്ട് കമ്പനി നേരിടുന്ന കേസുകളുമെല്ലാം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പ്രായം കൂടി വരുന്നതായി കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. യുവാക്കള്‍ വ്യാപകമായി പ്ലാറ്റ്‌ഫോമില്‍നിന്ന് കൊഴിഞ്ഞുപോവുകയാണ്. മധ്യവയസ്‌കരായ അമ്മാവന്മാരുടെ ഇടമാണ് ഫേസ്ബുക്ക് എന്ന് യുവാക്കളും ഫേസ്ബുക്കിനെ ട്രോളിത്തുടങ്ങിയിട്ടുണ്ട്.
34 1 minute read