BREAKING NEWSLATESTNATIONAL

കശ്മീരി വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പാക് ഹ്യുണ്ടായി; വിശദീകരണവുമായി ഹ്യുണ്ടായി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആചരിക്കുന്ന കശ്മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹ്യുണ്ടായി പാകിസ്ഥാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് വിവാദത്തില്‍. ഹ്യുണ്ടായ് പാകിസ്ഥാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഐക്യദാര്‍ഢ്യ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യയില്‍ കമ്പനിക്കെതിരെ വ്യാപക പ്രചാരണം നടന്നു. ”കശ്മീരി സഹോദരന്മാരുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നമുക്ക് പിന്തുണക്കാം”എന്നാണ് ഹ്യുണ്ടായി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്തത്. കശ്മീര്‍ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനമുണ്ടായി. പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ഹ്യുണ്ടായി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
ദേശീയതയെ ബഹുമാനിക്കുന്ന ശക്തമായ ധാര്‍മികതക്കൊപ്പം നില്‍ക്കുന്നുവെന്ന് ഹ്യുണ്ടായി പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ ബന്ധിപ്പിക്കുന്ന അനാവശ്യമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഈ മഹത്തായ രാജ്യത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വേദനിപ്പിക്കുന്നു. ഹ്യുണ്ടായ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഭവനമാണ് ഇന്ത്യ.
ഇത്രത്തോളം വൈകാരികമായ പ്രതികരണങ്ങളോട് ഞങ്ങള്‍ സഹിഷ്ണുത കാണിക്കുന്നില്ല. അത്തരം വീക്ഷണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു” ഹ്യുണ്ടായി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഉണ്ടായത്. തുടര്‍ന്ന് കമ്പനിക്കെതിരെ ശക്തമായ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുണ്ടായി. ഹ്യുണ്ടായി കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കില്‍ രാജ്യം വിടണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് മാരുതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ഹ്യുണ്ടായി.

Related Articles

Back to top button