KERALALATEST

മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം ഉല്‍ഘാടനം ഫെബ്രുവരി 26ന്, സ്ഥലം എംഎല്‍എ ചെയ്യാത്ത കാര്യത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായി തോമസ് ചാഴികാടന്‍ എംപി

കോട്ടയം:പാത ഇരട്ടിക്കലിന്റെ ഭാഗമായി പുനര്‍നിര്‍മ്മാണം നടക്കുന്ന മാഞ്ഞൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി26ന് നാടിന് സമര്‍പ്പിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി.പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടു പ്രധാനപ്പെട്ട മേല്‍പ്പാലങ്ങളാണ് പുനര്‍നിര്‍മ്മിച്ചത്. ഏറ്റുമാനൂര്‍, നീണ്ടൂര്‍, കല്ലറ റോഡില്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തെ മേല്‍പ്പാലവും, മാഞ്ഞൂര്‍ – കുറുപ്പന്തറ റോഡിലെ മേല്‍പ്പാലവും പുനര്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി 11 കോടി രൂപയാണ് റെയില്‍വേ നീക്കി വെച്ചത്. ജോസ്.കെ.മാണി എം.പി കോട്ടയം ലോക്‌സഭാഗം ആയിരുന്ന കാലഘട്ടത്തിലാണ് പാത ഇരട്ടിപ്പിക്കലിനും കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മ്മാണത്തിനുമായി ഫണ്ട് അനുവദിച്ചത്. 2019 ല്‍ തോമസ് ചാഴികാടന്‍ എം.പി ആയതു മുതല്‍ പുനര്‍ നിര്‍മ്മാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ സാന്നിധ്യത്തിലും, കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ എന്‍ജിനീയര്‍മാരുടെ സാന്നിദ്ധ്യത്തിലും അവലോകനം നടത്തിയിരുന്നു.

മേല്‍പ്പാലത്തിന്റെയും സമീപനപാതയുടെയും പൂര്‍ണമായ നിര്‍മ്മാണം റയില്‍വെയുടെ കണ്‍സ്ട്രക്ഷന്‍ വിഭാഗമാണ് നടത്തുന്നത്. ഏറ്റുമാനൂര്‍-കല്ലറ റോഡില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാതയുടെ പുനര്‍നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. മാഞ്ഞൂര്‍ മേല്‍പ്പാലത്തിന്റെ സമീപന പാതയുടെ നിര്‍മ്മാണം മൂന്ന് സെന്റോളം വരുന്ന ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തടസപ്പെട്ടിരുന്നു. 2021 ജൂണ്‍ മാസത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍, എം.പി നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ വിലയിരുത്തുകയും 2021 സെപ്റ്റംബര്‍ 30 ന് പാലം തുറന്നുകൊടുക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. എന്നാല്‍ അതിവര്‍ഷവും, കോവിഡ് മൂലവും നിര്‍മ്മാണ ജോലികള്‍ വീണ്ടും തടസപ്പെട്ടു. അടുത്ത അവലോകനത്തില്‍ ഡിസംബര്‍ 31നു മേല്‍പ്പാലം തുറന്നു കൊടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും അന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

2022 ജനുവരി 12ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ വരുന്ന എം.പി മാരുടെ കോണ്‍ഫറന്‍സ് വിളിച്ചു. ജനുവരി 3നു മുന്‍പായി എം.പി മാരുടെ കോണ്‍ഫെറെന്‍സിലേക്കുള്ള ”അജണ്ടാ നോട്ട്” തയ്യാറാക്കി നല്‍കാന്‍ എല്ലാ എം.പി മാരോടും ആവശ്യപ്പെട്ടു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിനു കീഴില്‍ വരുന്ന മുഴുവന്‍ റെയില്‍വേ ജോലികളുടെയും സ്ഥിതി വിവരങ്ങള്‍ ആവശ്യപ്പെട്ട് തോമസ് ചാഴികാടന്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തെഴുതി.കുറുപ്പന്തറ സ്റ്റേഷനു സമീപത്തെ മാഞ്ഞൂര്‍ മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയായതായും സമീപന പാതകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുതായും ജനറല്‍ മാനേജരുടെ രേഖാ മൂലമുള്ള മറുപടി ലഭിച്ചു. ഈ മേല്‍പ്പാലം 2022 ഫെബ്രുവരിയില്‍ തുറന്നു കൊടുക്കും എന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചെയ്യാത്ത പ്രവര്‍ത്തികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ മോന്‍സ് ജോസഫ് എംഎല്‍എ ശ്രമിക്കുകയാണെന്ന് തോമസ് ചാഴികാടാന്‍ എംപി ആരോപിച്ചു. ഉല്‍ഘാടനം അടക്കം തീരുമാനിച്ച പദ്ധതി തന്റെ ഇടപെടല്‍ മൂലമാണ് പൂര്‍ത്തിയായതെന്ന് എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തോമസ് ചാഴികാടാന്‍ എംപി ആരോപിച്ചു.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന അവസരത്തില്‍ എം.പി മാര്‍ നാട്ടിലില്ല എന്നു മനസിലാക്കി, എംഎല്‍എ രണ്ടു റെയില്‍വേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മേല്‍പ്പാലം സന്ദര്‍ശിച്ച് പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരിക്കുന്നത് എന്ന് എംപി ആരോപിച്ചു.

സ്വന്തം പാര്‍ട്ടിക്കാരായ രണ്ടു വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സന്ദര്‍ശനം നടത്തതുകയും മാഞ്ഞൂര്‍ പാലം നിര്‍മ്മാണത്തിന് ചെയ്യാത്ത നിരവധികാര്യങ്ങള്‍ താന്‍ ചെയ്തുവെന്നും അവകാശപ്പെടുകയും ചെയ്തത്. എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്ന പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും സ്ഥലം സന്ദര്‍ശിച്ചിട്ടേയില്ല എന്നും എംപി ചൂണ്ടിക്കാട്ടി. എംഎല്‍എ പ്രസ്ഥാവിച്ചപോലെ ഒരാഴ്ച്ചക്കകം മേല്‍പ്പാലം തുറന്നു നല്‍കാമെന്ന് റെയിവേ പറഞ്ഞിട്ടില്ലെന്ന് കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഉദാത്ത സുധാകര്‍ ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ക്ക് പങ്കാളിത്തം ഇല്ലാത്ത എം.പി മാരുടെ ചുമതലയിലുള്ള ഒരു പദ്ധതി അപഹരിച്ച് തന്റേതാക്കി മാറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരം നടപടികളില്‍ നിന്നും എം.എല്‍.എ പിന്തിരിയണം എന്നും തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു.പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികള്‍ രാഷ്ട്രീയ ലക്ഷ്യത്തിനപ്പുറം ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button