സോനീപത്: പഞ്ചാബി നടനും പൊതുപ്രവര്‍ത്തകനുമായ ദീപ് സിദ്ദു അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായി പോലീസ്. പകുതിയോളം മദ്യമുള്ള കുപ്പിയാണ് കാറില്‍നിന്ന് കണ്ടെടുത്തതെന്നും അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നതെന്നും സോനീപത് എസ്.പി. രാഹുല്‍ ശര്‍മ പറഞ്ഞു. അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാത്രി 9.30ഓടെ ഹരിയാണയിലെ കുണ്ട്‌ലിമനേ-സര്‍പല്‍വാല്‍ എക്‌സ്പ്രസ് ഹൈവേയില്‍ ഖാര്‍ഖോഡ ടോള്‍പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് ദീപ് സിദ്ദു സഞ്ചരിച്ച കാര്‍ ട്രക്കിന് ഇടിച്ചുകയറിയത്. അപകടത്തില്‍ ദീപ് സിദ്ദു മരിച്ചു. ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് റീന റായി നിസ്സാരപരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഇവരെ പിന്നീട് പോലീസ് വിശദമായി ചോദ്യംചെയ്തിരുന്നു.
റീന റായിക്കൊപ്പം ഗുരുഗ്രാമില്‍നിന്ന് മടങ്ങുന്നതിനിടെയാണ് വാഹനാപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. യു.എസിലായിരുന്ന റീന റായി ജനുവരി 13നാണ് ഇന്ത്യയിലെത്തിയത്. ഇരുവരും ഗുരുഗ്രാമിലെ ഒബ്‌റോയി ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ദീപ് സിദ്ദുവും റീന റായിയും ഗുരുഗ്രാമില്‍നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു.
22 ചക്രങ്ങളുള്ള ട്രക്കിലേക്കാണ് ദീപ് സിദ്ദു ഓടിച്ചിരുന്ന വാഹനം ഇടിച്ചുകയറിയത്. ഡ്രൈവറുടെ ഭാഗം പൂര്‍ണമായും തകര്‍ന്നനിലയിലായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ഇയാള്‍ക്കെതിരേയും ട്രക്കിന്റെ ഉടമയ്‌ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ദീപ് സിദ്ദുവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.