BREAKING NEWSLATEST

ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും, ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും വലിയ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല. ഫലം പുറത്തു വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നീങ്ങുന്നത്. പഞ്ചാബിലെ ഭരണം നഷ്ടമായതാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നിലംതൊട്ടില്ല. ഇന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.

കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുകയും കക്ഷി നേതാക്കള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാതെ വരികയും ചെയ്തതോടെ മുഖ്യപ്രതിപക്ഷമായി മാറാനുള്ള ശ്രമത്തിലാണ് പ്രാദേശിക പാര്‍ട്ടികളും നേതാക്കളും. ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയരാഷ്ട്രീയത്തില്‍ സ്വന്തമായി ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബിജെപി ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നേടിയ വിജയവും മോദിയേയും അമിത് ഷായേയും നേര്‍ക്കുനേര്‍ നേരിടാനുള്ള തന്റേടവും മമതയെ വ്യത്യസ്തയാക്കുന്നുണ്ട്.

Related Articles

Back to top button