BREAKING NEWSWORLD

ശ്രീലങ്കയില്‍ ദേശീയസര്‍ക്കാര്‍ രൂപവത്കരണം പാളി

കൊളംബോ : ഗുരുതര സാമ്പത്തിക പ്രതിസന്ധിയും വന്‍ പ്രക്ഷോഭങ്ങളും തുടരുന്ന ശ്രീലങ്ക തിങ്കളാഴ്ച കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലേക്കും വീണു. ജനരോഷം തണുപ്പിക്കാന്‍ സര്‍വകക്ഷി ദേശീയസര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം വിഫലമായി. സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റ് ഗോതബയ രാജപക്‌സയുടെ ക്ഷണം പ്രതിപക്ഷം തിങ്കളാഴ്ച വൈകീട്ടോടെ നിരസിച്ചു. ഭരണമുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്.എല്‍.എഫ്.പി.) പുതിയ ധനമന്ത്രിയുടെ നിയമനത്തില്‍ അതൃപ്തിപ്രകടിപ്പിച്ച് സര്‍ക്കാര്‍ വിട്ടു. ഇവര്‍ പാര്‍ലമെന്റില്‍ സ്വതന്ത്രസംഘമായി തുടരും.
ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ ഒഴികെയുള്ള 26 കാബിനറ്റ് മന്ത്രിമാര്‍ രാജിവെച്ചത്. ഇവരൊരുമിച്ച് പ്രധാനമന്ത്രിക്കു കൈമാറിയ രാജിക്കത്ത് തിങ്കളാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്‌സ അംഗീകരിച്ചു. തുടര്‍ന്ന് ഭരണപ്രതിപക്ഷ കക്ഷികളെയുള്‍പ്പെടുത്തി ദേശീയ സര്‍ക്കാരുണ്ടാക്കുന്നതിന്റെ ആദ്യപടിയായി പുതിയ നാലുമന്ത്രിമാരെ നിയമിച്ചു. പ്രസിഡന്റിന്റെ സഹോദരന്‍ ബേസില്‍ രാജപക്‌സ വഹിച്ചിരുന്ന ധനവകുപ്പ് നീതിന്യായവകുപ്പ് മന്ത്രിയായിരുന്ന അനില്‍ സബ്രിക്കു നല്‍കി. ജി.എല്‍. പെയ്‌രിസാണ് പുതിയ വിദേശകാര്യമന്ത്രി. വിദ്യാഭ്യസവകുപ്പിന്റെ ചുമതല സഭാനേതാവ് ദിനേശ് ഗുണവര്‍ധനയ്ക്കാണ്. സര്‍ക്കാരിന്റെ വിപ്പ് ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോയെ ദേയീശപാതകളുടെ ചുമതലയുള്ള മന്ത്രിയായും നിയമിച്ചു. ഇതിനുപിന്നാലെയാണ് എസ്.എല്‍.എഫ്.പി. മുന്നണിവിട്ടത്.

Related Articles

Back to top button