BREAKING NEWSKERALA

ശമ്പളത്തില്‍ ഉറപ്പില്ല; കെ.എസ്.ആര്‍.ടി.സി. സമരത്തിലേക്കുതന്നെ

തിരുവനന്തപുരം: അഞ്ചാംതീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് തൊഴിലാളി സംഘടനകള്‍. സര്‍ക്കാരുമായി ആലോചിക്കാതെ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി ആന്റണി രാജു. ചര്‍ച്ച വഴിമുട്ടിയതോടെ കെ.എസ്.ആര്‍.ടി.സി. വീണ്ടുമൊരു സമരത്തിലേക്ക് നീങ്ങുന്നു.
ശമ്പളമില്ലെങ്കില്‍ ജോലിചെയ്യില്ലെന്ന നിലപാടില്‍ സ്ഥാപനത്തിലെ ഭരണപ്രതിപക്ഷ യൂണിയനുകള്‍ ഒരുമിക്കുകയാണ്. സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അംഗീകൃത സംഘടനാനേതാക്കളെ ചൊവ്വാഴ്ച മന്ത്രി ആന്റണി രാജു വെവ്വേറെയാണ് ചര്‍ച്ചയ്ക്കു വിളിച്ചത്. സി.ഐ.ടി.യു., ബി.എം.എസ്., ഐ.ടി.എന്‍.ടി.യു.സി. യൂണിയനുകള്‍ ശമ്പളക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
ഗതാഗതവകുപ്പിന് മാത്രമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും ധനവകുപ്പുമായി സംസാരിക്കാമെന്നും ശ്രമിക്കാമെന്നുമായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ഏപ്രില്‍ മാസത്തിലെ ശമ്പളം മേയ് അഞ്ചിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്ന് ബി.എം.എസും ഐ.എന്‍.ടി.യു.സിയും അറിയിച്ചു. അതേസമയം സി.ഐ.ടി.യു. സര്‍ക്കാരിലെ പ്രതീക്ഷ കൈവിട്ടില്ല. പണിമുടക്കിന്റെ കാര്യം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശമ്പളം സമയബന്ധിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ അറിയിച്ചു.
പ്രശ്‌നപരിഹാരത്തിന് കാര്യമായ ഉപായങ്ങളൊന്നുമില്ലാതെയാണ് മന്ത്രി അനുനയത്തിന് ശ്രമിച്ചതെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. കോര്‍പ്പറേഷന്റെ കൈയില്‍ ശമ്പളം നല്‍കാന്‍ പണമില്ല. വായ്പ എടുക്കാനും കഴിയില്ല. സര്‍ക്കാര്‍ സഹായിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും നിലവിലില്ല.
കോവിഡ് ലോക്ഡൗണ്‍ മുതല്‍ സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്. ഇനി തുടരാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ചാണ് സംഘടനകള്‍ ചര്‍ച്ചയ്‌ക്കെത്തിയത്. എന്നാല്‍ കൃത്യമായൊരു മറുപടി മന്ത്രിക്കും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ ആരോപിക്കുന്നു.
ശമ്പളക്കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും യോഗത്തില്‍ ബസ് ഷെഡ്യൂളുകളുടെ പോരായ്മകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു. ഓര്‍ഡിനറി ബസുകള്‍ക്ക് ജില്ലാതലത്തിലും സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് സോണല്‍ തലത്തിലും നിരീക്ഷണ കമ്മിറ്റികള്‍ രൂപവത്കരിക്കും. ഇതില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും.

Related Articles

Back to top button