BREAKING NEWSKERALALATEST

കെഎസ്ഇബി സമരം: ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കെ എസ് ഇ ബിയിലെ സമരവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കാമെന്നു ഹൈക്കോടതി. കെ എസ് ഇ ബി യുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന ഘട്ടം ഉണ്ടാവുകയാണെങ്കില്‍ ബോര്‍ഡിന് എസ്മ ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. സമരം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെ എസ് ഇ ബി ചെയര്‍മാന്റെയും മാനേജ്‌മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ആണ് സമരം ചെയ്യുന്നത്. വൈദ്യുതി ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം താത്കാലികമായി നിര്‍ത്തിയിരുന്നു.
കേസ് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ കെ എസ് ഇ ബി ഓഫീസര്‍മാരുടെ സമരത്തില്‍ ഇടപെടാനില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിലപാട്. വൈദ്യുതി വിതരണം അവശ്യ സേവന മേഖലയില്‍ വരുന്നതാണെന്നും സമരം വിലക്കണമെന്നും ആവശ്യപ്പെട്ടുളളതായിരുന്നു സ്വകാര്യ പൊതുതാത്പര്യ ഹര്‍ജി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്ന് തന്നെ വൈദ്യുതി ബോര്‍ഡിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button