KERALALATEST

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂര്‍: കൊവിഡ് നിയന്ത്രണം പിന്‍വലിച്ച ശേഷമുള്ള തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക ക്ഷേത്രങ്ങളിലും കൊടി ഉയരും. പൂരത്തിന്റെ ഭാഗമായി ഉളള കൊടിയേറ്റത്തിന്റെ തയ്യാറെടുപ്പുകള്‍ എല്ലാം ക്ഷേത്രത്തില്‍ പൂര്‍ത്തിയയായി. സാധാരണയേക്കാള്‍ 40 ശതമാനം അധികം കാണികളെത്തുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് മുഹൂര്‍ത്തം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തില്‍ ഉയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹ മുദ്ര ഉള്ള കൊടിക്കൂറ നാട്ടും.
തിരുവമ്പാടിയില്‍ 10.30നും 10.55നും ഇടയിലും കൊടിയേറും. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാര പൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടി ഉയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന ഘടക ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും. സാധാരണ പന്ത്രണ്ടോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകള്‍ നടക്കാറ്.
വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. വൈകിട്ട് 3.30ന് നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളില്‍ പൂരപ്പതാകകള്‍ ഉയര്‍ത്തും. മുന്‍ വര്‍ഷങ്ങളിലേത് പോലെ വെടിക്കെട്ട് നടത്താന്‍ അനുമതിയും ലഭിച്ചിട്ടുണ്ട്. മെയ് ഏഴിനാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. പ്രധാന വെടിക്കെട്ട് മെയ് 11 നാണ്. നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണം.

Related Articles

Back to top button