BREAKING NEWSLATESTNATIONAL

ഭാര്യയ്ക്ക് ഭര്‍ത്താവിനെ പങ്കുവയ്ക്കാനാകില്ല: അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഇന്ത്യയില്‍ ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവിനെ മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. രണ്ടാം ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണ കുറ്റം ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണമുണ്ടായിരിക്കുന്നത്.
ഉത്തര്‍പ്രദേശ് വാരാണസി സ്വദേശിയായ സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയാണ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്.
‘ഒരു ഇന്ത്യന്‍ സ്ത്രീയും തങ്ങളുടെ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ തയ്യാറാകില്ല. ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ മാത്രമാണെന്ന് ഭാര്യമാര്‍ ചിന്തിക്കുന്നുവെന്നും’ ജസ്റ്റിസ് ചതുര്‍വേദി പറഞ്ഞു.
‘തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ജീവിക്കുന്നവെന്നോ, വിവാഹം കഴിക്കാന്‍ പോകുന്നുവെന്നോ അറിയുന്നതാണ് വിവാഹിതയായ സ്ത്രീ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. ആ സാഹചര്യത്തില്‍ അവരില്‍ നിന്നും യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ലെ’ന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വാരണാസി സ്വദേശിയായ സുശീല്‍ കുമാറിന്റെ രണ്ടാം ഭാര്യ 2018 സെപ്റ്റംബര്‍ 22ന് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.
ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാതെയായിരുന്നു ഇയാള്‍ മറ്റൊരു സ്ത്രീയെ ജീവിതപങ്കാളിയാക്കിയത്. പിന്നീട്, ഇയാള്‍ മൂന്നാമത് മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്യുന്നുവെന്ന കാര്യം അറിഞ്ഞതോടെയാണ് ഇവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന് മുന്‍പായി ഭര്‍ത്താവിനെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
10- 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമാറുമായുള്ള വിവാഹം നടന്നത്. സുശീലിന്റെ ബന്ധുക്കളില്‍ നിന്നും എല്ലാത്തരം പീഡനങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവതി ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് രണ്ട് മക്കളുണ്ട്.
2018 സെപ്റ്റംബര്‍ 22നാണ് കുമാറിന്റെ രണ്ടാം ഭാര്യ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323ാം വകുപ്പ്, 379ാം വകുപ്പ്, 494ാം വകുപ്പ്, 504ാം വകുപ്പ്, 506ാം വകുപ്പ് എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button