BREAKING NEWSNATIONAL

പോലീസുകാരന്റെ കോളര്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി, കൂടുതല്‍ പോലീസെത്തി അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പോലീസുകാരന്റെ കോളറില്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെലങ്കാന രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം.
മുന്‍ കേന്ദ്രമന്ത്രി കൂടിയായ രേണുക ചൗധരി പോലീസുകാരന്റെ കോളറില്‍ പിടിച്ചുവലിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. പോലീസുകാരനുമായി രേണുക തര്‍ക്കിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പിന്നീട് കൂടുതല്‍ വനിതാ പോലീസുകാരെത്തി അവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. ഇതിനുപിന്നാലെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് രേണുകയുടെ പേരില്‍ പോലീസ് കേസെടുത്തു.
പോലീസുകാരനെതിരേയുള്ള അതിക്രമത്തിന്റെ 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് നേതാവിന്റെ നടപടിയെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി.
രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടഞ്ഞ പോലീസ് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, നിയമസഭാ കക്ഷി നേതാവ് മല്ലു ഭാട്ടി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം മേഖലയില്‍ വലിയ ഗതാഗതക്കുരുക്കിനും വഴിവച്ചു. പ്രതിഷേധക്കാര്‍ ഒരു ബൈക്കിന് തീയിടുകയും ചെയ്തു.

Related Articles

Back to top button