BREAKING NEWSKERALALATEST

അവിശ്വാസത്തില്‍ തോറ്റപ്പോള്‍ പ്രസിഡന്റിന് നേരെ കൈയ്യേറ്റം, വസ്ത്രം വലിച്ചു കീറി; പഞ്ചായത്ത് വക ജീപ്പും തകര്‍ത്തു

പത്തനംതിട്ട: മല്ലപ്പള്ളി പുറമറ്റം ഗ്രാമ പഞ്ചായത്തില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഇടത്
സ്വതന്ത്ര ആയി വിജയിച്ച സൗമ്യ ജോബി പ്രസിഡന്റ് ആയ ശേഷം പാര്‍ട്ടി നിര്‍ദേശം അനുസരിച്ചു രാജി വയ്ക്കാതെ വന്നതോടെ ആരംഭിച്ച പ്രശ്‌നനങ്ങള്‍ കൈയ്യേറ്റം വരെ എത്തി. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തിന് കാലാവധി നിശ്ചയിച്ചിട്ടില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. പ്രസിഡന്റ് പാര്‍ട്ടി തീരുമാനം അംഗീകരിക്കാതെ വന്നതോടെ സ്വന്തം പ്രസിഡന്റിനെതിരെ ഇടത് മുന്നണി തന്നെ അവിശ്വാസം അവതരിപ്പിച്ചു.
യുഡിഎഫിലെ ആറ് അംഗങ്ങള്‍ക്കൊപ്പം പ്രസിഡന്റും അവിശ്വാസ ചര്‍ച്ചയില്‍ നിന്നും വിട്ട് നിന്നതോടെ
പ്രമേയം പരാജയപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജില്‍ പാര്‍ക്ക് ചെയ്തിരുന്ന പഞ്ചായത്ത് വക ജീപ്പിന്റെ ചില്ലുകള്‍ തകര്‍ക്കുകയും നാശം വരുത്തുകയും ചെയ്തു. ഇതില്‍ പഞ്ചായത്തില്‍ നിന്നും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ വച്ച് പ്രസിഡന്റുമായി അംഗംങ്ങളായ സാബു ബഹനാനും സിജു പിയും വാക്കേറ്റം ഉണ്ടായത്. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിത് പ്രസാദും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. വാക്കേറ്റത്തിനിടെ ശോഭിത എന്നയാള്‍ തന്റെ ഷോള്‍ വലിച്ചെടുത്ത ശേഷം വസ്ത്രം വലിച്ചു കീറിയെന്ന് സൗമ്യ ജോബി പറഞ്ഞു. ഇടതു കൈയ്യില്‍ കെട്ടിയിരുന്ന വാച്ച് പൊട്ടിച്ചതായും പ്രസിഡന്റ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ സി.പി.എം പുറമറ്റം, വെണ്ണിക്കുളം ലോക്കല്‍ കമ്മറ്റികള്‍ തമ്മിലുള്ള തര്‍ക്കമാണ് പഞ്ചായത്തിലെ വിഷയങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. മല്ലപ്പള്ളി,കീഴ്വായ്പൂര്‍, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് പുറമറ്റത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 13 അംഗ പുറമറ്റം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫ് 7, യുഡിഎഫ് 6 എന്നതായിരുന്നു കക്ഷിനില. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച സാബു ബഹനാന്‍, സിജു പി, കെ.ഒ. മോഹന്‍ദാസ് എന്നിവരും എല്‍ഡിഎഫ് സ്വതന്ത്ര അംഗങ്ങളായ
ശോശാമ്മ തോമസ്, റേച്ചല്‍ ബോബന്‍, റോഷ്‌നി ബിജു എന്നിവരുമാണ് അവിശ്വാസ നോട്ടീസ്
നല്‍കിയിരുന്നത്. നോട്ടീസ് നല്‍കിയപ്പോള്‍ ഒരു യു.ഡി എഫ് അംഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിന്
ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.എന്നാല്‍ ഇവരെ പിളര്‍ത്താന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞില്ല.
ഇക്കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലും സമാന നാടകങ്ങള്‍ പുറമറ്റത്ത് നടന്നു. അന്ന് ഇടതു മുന്നണിയിലെ 4 അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് യുഡിഎഫിലെ 4 അംഗങ്ങള്‍ വോട്ട് ചെയ്തതോടെ ഭരണം നഷ്ടമായിരുന്നു. 9 അംഗങ്ങളായിരുന്നു തുടക്കസമയത്ത് അന്ന് യുഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിലെ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച നാല് പേരാണ് മറുപക്ഷത്തേക്ക് മാറി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് അനുകൂലമാക്കിയത്.

Related Articles

Back to top button