SPECIALWEB MAGAZINE

ജ്ഞാനോദയം-ഒരു പ്രാപിക്കൽ

.

കെ.എം തോമസ്‌

പുസ്തകാസ്വാദനം-ബോബി തോമസിൻറെ ആത്മകഥ ‘ജന്മാന്തരങ്ങൾ’

                              
ബോബി തോമസിൻറെ ‘ജന്മാന്തരങ്ങൾ’ എന്ന ആത്മകഥ,  ഈറ്റുനോവ് നിറഞ്ഞ പല ജീവിത ഏടുകളുടെ   അവസ്ഥാന്തരങ്ങളിൽ നിന്ന് പിറന്നതാണ്. രചയിതാവിന്റെ കഴിഞ്ഞ അഞ്ചര പതിറ്റാണ്ട്  ജീവിതമാണ് രചന; എഴുത്തോ പുസ്തക താളുകളോ എന്നതിലുപരി സ്വയം  ജീവിതം ബലിസമാനമാക്കിയതിൻറെ വിളവെടുപ്പുകൂടിയാണത്.  വിദ്യാർത്ഥികൾ പൊതുവേ, തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ മോഹിപ്പിക്കുന്ന ഉദ്യോഗ-അധികാര പദവികളുടെ പിന്നാലെ  പായുമ്പോൾ  ബോബി അനീതിയുടെ ലോകത്തോട് കലഹിക്കുന്ന രാഷ്ട്രീയത്തിലും ദൈവാന്വേഷണത്തിലും ശ്വാസമടക്കി മുങ്ങി തപ്പി, എല്ലാ തീവ്രതയോടും.

ഓർമ്മിച്ചെടുത്ത, കാലം കാത്തുവെച്ച,  ജീവിതത്തിൽ നിന്ന് തെരഞ്ഞെടുത്ത, അനുഭവങ്ങളെ 14 അധ്യായങ്ങളുടെയും
ഏതാനും ജീവിത സമസ്യകളുടെ ദാർശനിക പരികൽപ്പനകളടങ്ങുന്ന അനുബന്ധ കുറിപ്പുകളുടെയും ചേരുവകളാണ് രചനയുടെ ഉള്ളടക്കം. 168 പേജുകളുള്ള ഈ ചെറു പുസ്തകത്തിൽ ആകർഷകമായ വ്യാഖ്യാനാത്മക ചിത്രങ്ങളും വരഞ്ഞിട്ടിരിക്കുന്നു.

വിപ്ലവ നായകന്മാരുടെ ഓർമ്മകളെ അകമ്പടിയാക്കി തന്റെ ജനനത്തെയും, കണ്ട് വളർന്ന പ്രകൃതി പ്രതിഭാസങ്ങളെയും, തന്റെ കുട്ടിക്കാലകളികളെയും, അടിയന്തരാവസ്ഥയുടെ ഔദ്യോഗിക ഭാഷ്യം ചമച്ച കുഞ്ഞ് എഴുത്തുകാരന്റെ ഉദയത്തെയും, നർമ്മരൂപേണ അടയാളപ്പെടുത്തുന്നു, ആദ്യത്തെ രണ്ട് അധ്യായങ്ങൾ. പിന്നീടുള്ള മൂന്നാല് അദ്ധ്യായങ്ങളിൽ കൗമാരകാലം കുറിക്കപ്പെടുകയും ചെയ്യുന്നു. നാലു വർഷം സ്കൂൾ ഹോസ്റ്റലിൽ കാരാഗ്രഹാനുഭവം മാത്രം. ആശ്വാസമായി, ഇടവേളകളിൽ അമ്മ വീടും ജല സമൃദ്ധവും  ഹരിതാഭമാർന്ന പരിസരദേശവും ഓർമ്മകളിൽ പച്ചപ്പോടെ നിൽക്കുന്നു. മഞ്ഞപുസ്തകങ്ങളുൾപ്പടെ വായനയുടെ ഒരു വിസ്തൃത ലോകം തുറന്നു. കലഹം ഒരു വിശ്വാസ പ്രമാണമായി മാറുന്നത്, ഒരു ലോക്കൽ യേശു ആവുന്നത്, കമ്മ്യൂണിസ്റ്റ് സാഹിത്യ വായനയും ഒപ്പം ആക്ടിവിസ്റ്റ് ആവുന്നത്, കമ്മ്യൂണിസ്റ്റ് വിമർശകരോട് ഉള്ള സഹിഷ്ണുത കുറവ് , ഇങ്ങനെ പല അനുഭവങ്ങളെയും   ആത്മ പരിഹാസത്തോടെ, വർത്തമാന നിലപാടുകളുടെ വെളിച്ചത്തിൽ കുറിച്ചിടുന്നു.
                                                                                          

ഈ രചനയില് ഒരു ഒരു പ്രധാന അന്തർധാര മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ളതാണ്. പിതാവ് പുരോഹിതൻ, വീട്ടിലെയും  ഇടവകയിലെയും  അച്ചടക്കം,  അതുണ്ടാക്കുന്ന ജീവിത വിരസത, വഞ്ചനയും ചതിയും ഒളിഞ്ഞിരിക്കുന്ന മത ചടങ്ങുകൾ, ആത്മവഞ്ചനയിൽ ജീവിക്കുന്ന ചുറ്റുമുള്ളവർ എല്ലാം അയാളെ കലഹപ്രീയനാക്കുന്നു. സൺഡേ സ്കൂളിൽ നിന്നും ബൈബിളിൽ നിന്നും ഒക്കെ മനസ്സിലാക്കിയ യേശുവിനെ എങ്ങും കാണാനില്ല.  ഇവിടെയാണ് യേശു ജീവിതത്തിലെ പ്രധാന കഥാപാത്രമായി വരുന്നത്.
മുടങ്ങാതെ പള്ളിയിൽ വന്നുകൊള്ളണം എന്ന് ഉപദേശിച്ച  പിതാവ് ‘ഇനി മേലാൽ പള്ളിയിൽ കയറി പോകരുത്’ എന്നും കൽപ്പിച്ചു, ക്ഷുബ്ധനായി.
രചയിതാവ് തൻറെ ഡയറിക്കുറിപ്പിൽ നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു:
‘ഞായറുകൾ വീണ്ടും
പീഡനങ്ങളായി വരുന്നു
‘മുൾക്കിരീടവും
മരക്കുരിശും’
പുതിയ മനുഷ്യപുത്രനാകുക
പഴയപോലെ അത്ര റൊമാൻറിക്കല്ല’.
ഇതിൻറെ പശ്ചാത്തലം “ഞാനൊരു ലോക്കൽ യേശുവായ കാലം” എന്ന അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്. ആരാധന മധ്യേ നടത്തപ്പെട്ട ഒരു പ്രഭാഷണം. പ്രഭാഷകനെ(ഒരു മുൻ കോളേജ് പ്രിൻസിപ്പൽ) നന്നായി അറിയാവുന്ന രചയിതാവ്. പ്രഭാഷണം പ്രഭാഷകന്റെ ജീവിതവുമായി കടലും കടലാടിയും പോലെ  അകന്നു കിടക്കുന്നു. അയാളെ തുറന്നു കാട്ടിക്കൊണ്ട് നോട്ടീസ് ഇറക്കുന്നു. അത്  ഇടവകയെ കലാപകലുഷിതമാക്കി. അതും സ്വന്തം പിതാവ് അതിൻറെ വികാരിയായി ഇരിക്കുമ്പോൾ. കുടുംബ കലഹം, ഇടവക കലഹം അങ്ങനെ കാലുഷ്യം വിതച്ച് ശിശു സഹജമായ വാശിയോടെ സത്യത്തിനും നീതിക്കും കലഹിച്ചു. നെരിപ്പോടിന് സമാനമായി ഗ്രന്ഥകാരൻറെ മനസ്സ് നീറ്റിയ നാളുകൾ.’പുതിയ മനുഷ്യപുത്രൻ ആകുക പഴയപോലെ അത്ര റൊമാൻറിക്കല്ല’ എന്ന് സ്വയം ബോധ്യപ്പെടുത്തി.  കാപ്പനച്ചന്റെ “വിശ്വാസത്തിൽ നിന്നും വിപ്ലവത്തിലേക്ക്” എന്ന് ഗ്രന്ഥത്തിൻറെ ആൾരൂപമായി  രചയിതാവ്  ഇവിടെ പ്രത്യക്ഷപ്പെടുന്നു. രചയിതാവ് തിരിഞ്ഞു നോക്കി അത്ര റൊമാൻറിക്കല്ല എന്ന് പറയുമ്പോൾ പോലും, യഥാർത്ഥത്തിൽ,  മനുഷ്യപുത്രൻ എന്ന വിശ്വാസ പ്രയോഗത്തിലെ റൊമാൻസിനെ വായനക്കാരൻ വീണ്ടെടുക്കുകയാണ്. വെണ്മയേറിയതും തീഷ്ണവും ആയ ഒരു ആഖ്യാനരീതിയുടെ  സൗന്ദര്യം, നൊമ്പരപ്പെടുത്തുന്ന നർമ്മത്തോടെ വായനക്കാരിലേക്ക്  പകർന്നു  തരികയുമാണ്.

എന്നാൽ തൻറെ അടുത്ത ഘട്ടം വിപ്ലവ പ്രസ്ഥാനത്തിലേക്കുള്ള എടുത്തു ചാടലാണ്. കമ്മ്യൂണിസ്റ്റ് സാഹിത്യത്തിലും അതിന്റെ കർമ്മ പഥത്തിലും സമ്പൂർണ്ണമായി മുഴുകി കൊണ്ട് തീവ്ര നിലപാടുകൾ എടുക്കുന്നു . മാർഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന അതിന്റെ തത്ത്വത്തിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് വിപ്ലവ പാർട്ടിയുടെ ദുർഘട വഴികൾ താണ്ടി. സോവിയറ്റ് യൂണിയൻറെ പതനത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ ഒരു കടുത്ത പ്രത്യശാസ്ത്ര വിശ്വാസിയായി താൻ നിലകൊണ്ടു. ആരെങ്കിലും  ‘രാഷ്ട്രീയ സത്യസന്ധത’ വേണ്ടേ എന്നു ചോദിച്ചാൽ ‘വർഗ്ഗ നിലപാടിലൂന്നുന്ന തന്ത്രവും അടവും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ചരിത്ര പരമായ കടമകളും വിശദീകരിക്കുന്ന’ ഒരു നേതൃത്വത്തെ അന്ധമായി അനുധാവനം ചെയ്തു . വിശദീകരണം ബോധ്യപ്പെടാഞ്ഞാൽ അത് ‘പെറ്റിബൂർഷ്വാ വ്യതിയാനം’ ആയി വ്യാഖ്യാനിക്കപ്പെടുന്നു. ലക്ഷ്യത്തിൻറെ പേരിൽ, നേതാക്കന്മാർ നൽകുന്ന വിശദീകരണങ്ങൾ, ശിക്ഷണനടപടികളെയും അരുംകൊലകളെയും ഹിംസവാഴ്ചയെയും ന്യായീകരിക്കുന്നു. പാർട്ടിയിലെ ഒരു നേതാവ് ‘പ്രത്യയശാസ്ത്രത്തിന്റെ നാലു ഭിത്തികൾക്കുള്ളിൽ മാത്രം എപ്പോഴും നില കൊള്ളുമ്പോൾ അതിനപ്പുറമുള്ള സത്യങ്ങൾ ഒന്നും അയാൾ കാണുകയോ അംഗീകരിക്കുകയോ ചെയ്യില്ല. വിപ്ലവ പാർട്ടിയെ ഒരു മതമായി കരുതാമെങ്കിൽ അതിൻറെ മഹാപുരോഹിതരിൽ ഒരാളായിരിക്കും അദ്ദേഹം. കത്തോലിക്കാ   സഭാ ഘടനയിൽ നിന്ന് പലതും കമ്മ്യൂണിസ്റ്റ് പാർട്ടികളും സ്വാംശീകരിക്കുകയുണ്ടായിട്ടുണ്ട്.”  ഇതിലൊക്കെ ന്യായമായും അടങ്ങിയിട്ടുള്ള കുഴപ്പങ്ങൾ തൻറെ ബോധ്യങ്ങളിൽ വിള്ളലുണ്ടാക്കുകയും മാറി ചിന്തിക്കുന്നതിന് നിമിത്തമാവുകയും ചെയ്തു. എന്നാൽ വിപ്ലവ പാർട്ടികളിൽനിന്ന് അകന്നു നിന്നപ്പോഴും മാർക്സിനെ മുറുകെ പിടിച്ചു.

ബാലനായിരിക്കവേ തന്നെ എഴുത്തിലുള്ള വാസന വെളിപ്പെട്ടിരുന്നുവല്ലോ. എല്ലാകാലത്തും ജീവിതത്തിൽ ഒരുവിധത്തിൽ അല്ലെങ്കിൽ  മറ്റൊരു വിധത്തിൽ സാമൂഹിക മാനവിക വിഷയങ്ങളോട് വിമർശനപരമായി പ്രതികരിച്ചു കൊണ്ടേയിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇറക്കുന്നതിൽ നേതൃത്വം വഹിച്ചു.  കുടുംബസ്ഥൻ ആവണമെന്നും വരുമാനമുള്ള ഒരു പണി വേണമെന്നും വന്ന ഘട്ടത്തിൽ പത്രപ്പണി തന്നെ തനിക്ക് പറ്റിയത് എന്ന് തീരുമാനിച്ചു. എഡിറ്റിംഗ് വിരസമായിരുന്നുവെങ്കിലും സ്വന്തം രചനകൾക്ക് നടത്തിയ യാത്രകളും ജനസമ്പർക്കങ്ങളും ആഹ്ലാദകരം ആയിരുന്നു. ഇതൊക്കെ ചെയ്യുമ്പോഴും ജീവിതത്തിൽ ഉടനീളം മതവും രാഷ്ട്രീയവും തൻറെ ആളത്വത്തെ സമ്പൂർണ്ണമായി ഗ്രസിച്ചിരുന്നു. നാസ്തികനോ ആസ്തികനോ ആവാതെ ജീവിതാന്വേഷണത്തിന്റെ ഒരു പുതിയ പഥത്തിൽ കാലം തന്നെ കൊണ്ടെത്തിച്ചുവെന്ന് തനിക്ക് തോന്നുന്നു. ഖലീൽ ജിബ്രാന്റെ ഒരു ഉദ്ധരണി ഉണ്ട്: “ഒരു യഥാർത്ഥ മതാത്മകൻ ഒരു മതത്തിൽ  ഞാന്നു കിടക്കുകയില്ല. അങ്ങനെ ഒന്നിൽ മാത്രം തൂങ്ങുന്നവന് ആ ‘ഒന്നു’പോലും ഇല്ല”.   (A truly religious man does not embrace a religion; and he who embraces one has no religion).പുതിയ പഥത്തിൻറെ പുതുമ സ്പഷ്ടമല്ലെങ്കിലും അനുബന്ധക്കുറിപ്പുകളിലെ പരികല്പനകളുടെ വരികൾക്കിടയിൽ നിന്നും ഒരു ചിത്രത്തിനാവശ്യമായ രേഖകൾ വായനക്കാർക്ക് ചികഞ്ഞെടുക്കാവുന്നതേയുള്ളൂ.

ഏതായാലും “താൻ എഡിറ്റ് ചെയ്ത “ജോസഫ് പുലിക്കുന്നേൽ- കലഹവും വിശ്വാസവും”  എന്ന ഗ്രന്ഥം  സഭാചരിത്ര- ദൈവശാസ്ത്ര പഠിതാക്കൾക്ക് വിലപ്പെട്ട ഒരു രേഖയായി നിലകൊള്ളുന്നു. അതിനേക്കാൾ ഉപരി തൻറെ അന്വേഷണ പഥത്തിലെ ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്നതാണ് “ക്രിസ്ത്യാനികൾ-ക്രിസ്തു മതത്തിനൊരു കൈപുസ്തകം” എന്ന ഗ്രന്ഥം.  ഗ്രന്ഥത്തെ കുറിച്ച് എഴുത്തുകാരൻ സക്കറിയ സാക്ഷ്യപ്പെടുത്തുന്നു: “ബോബി തോമസിൻറെ ക്രിസ്ത്യാനികൾ എന്ന ഗ്രന്ഥം മലയാളത്തിലെ മതചരിത്ര രചനയിൽ ഒരു പുതിയ വഴി വെട്ടി തുറക്കുന്നു. വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമത ചരിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല. ഈ ഗ്രന്ഥം ഗുരുതരമായ ആ കുറവ് പരിഹരിക്കുകയാണ്.  ”
അതോടൊപ്പം ചേർത്തു പറയാവുന്നതാണ് ഈ ഗ്രന്ഥം ക്രിസ്തുമത ദൈവ വിജ്ഞാനീയത്തിനും ഒരു മുതൽക്കൂട്ടാണെന്ന്. ബോബി തോമസ് ഒരു ക്രിസ്ത്യാനിയോ മതാനുയായിയോ എന്ന് ആരെങ്കിലും ലേബല് ചെയ്താൽ അദ്ദേഹം നിഷേധിക്കും. എന്നാലും ക്രിസ്ത്യാനികൾക്ക് ബോബിയുടെ മതത്തെ സംബന്ധിച്ചുള്ള  നിരീക്ഷണങ്ങളെ ഗൗരവപൂർവ്വം എടുക്കേണ്ടി വരുന്നു.
ബോബി എഴുതുന്നു:
“പഠനകാലം മുഴുവൻ മതത്തെ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. മതം മനുഷ്യന് അനാവശ്യമായ ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. ക്ലേശപൂർണ്ണമായ മനുഷ്യ ജന്മത്തിന്റെ  ഏറ്റവും വലിയ മാനസികമായ ആശ്വാസമാണ് ദൈവം. ദൈവചിന്ത മനുഷ്യരാശിക്ക് നൽകിയിട്ടുള്ള   സാന്ത്വനം വളരെ വലുതാണ്. അതുകൊണ്ടുതന്നെ മനുഷ്യൻറെ ദൈവാനുഭവം പ്രധാനപ്പെട്ടതാണെന്നും ഞാൻ കരുതുന്നു….എന്നാൽ മതത്തെപ്പറ്റി അങ്ങനെ മാത്രം പറയാവുന്ന ഒരു സാഹചര്യം അല്ല നിലനിൽക്കുന്നത്. കേട്ട കഥകളും കേൾക്കാനുള്ള കഥകളും ഭയങ്കരങ്ങളാണ്.   ഇന്ത്യ മതരാഷ്ട്രീയത്തിന് പരീക്ഷണശാലയായി മാറിയ നടുക്കം ഉളവാക്കുന്ന ഒരു കാലത്തിലൂടെയാണ് എൻറെ ജീവിതം കടന്നുപോയത്.  സൗമ്യഭാവം ഉപേക്ഷിച്ച് ദൈവങ്ങൾ രൗദ്രഭാവം പ്രാപിച്ച കാലം. അതിനാൽ മതത്തിന് രണ്ടു മുഖങ്ങൾ ഉണ്ടെന്ന് ഞാൻ  കരുതുന്നു; സാന്ത്വനമേകുന്ന ഒരു സൗഹൃദ ഭാവവും  നരവേട്ടയുടെ രൗദ്ര ഭാവവും.”

മാർക്സ് പറയുന്നു:”മർദ്ദിതരുടെ നെടുവീർപ്പാണ് മതം. ഹൃദയശൂന്യമായ ലോകത്തിൻറെ ഹൃദയം ആണത്. ചൈതന്യ രഹിത അവസ്ഥയിലെ ചൈതന്യമാണത്. അത് ജനങ്ങളെ മയക്കുന്ന കറുപ്പ് ആണ്”. മാർക്സ് നടത്തുന്ന ഈ മത വിമർശനത്തിന്റെ ഒരു പുനരാഖ്യാനമായോ അതിലുപരി അതിൽ നിന്ന് ഒരു വിച്ഛേദമായോ ബോബിയുടെ നിരീക്ഷണങ്ങളെ വായിച്ചെടുക്കാൻ കഴിയും. മനുഷ്യൻ   ‘ആത്യന്തിക’മായി  എന്താണോ അതിൽനിന്ന് അവനെ അന്യവൽക്കരിക്കുന്ന ഒരു നിഷേധ യാഥാർത്ഥ്യമായി മാർക്സ് ദൈവത്തെ കാണുന്നു. ബോബി ദൈവങ്ങളെ സഖാക്കളും വിപ്ലവകാരികളും ആയി കാണാൻ ആഗ്രഹിക്കുന്നു. ദേവാലയ ശുദ്ധീകരണത്തിന് ചാട്ടവാറെടുത്ത യേശുവിനും  മനുഷ്യ ദുഃഖങ്ങളുടെ ഉത്തരം തിരഞ്ഞ ബുദ്ധനും തിന്മക്കെതിരെ യുദ്ധം ചെയ്യാൻ കരുത്തു നൽകുന്ന കൃഷ്ണനും ഒപ്പമാണ് താൻ. വിപ്ലവത്തിന് ഒപ്പം നിൽക്കുന്ന ദൈവങ്ങൾ.

സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ വിപ്ലവസങ്കല്പങ്ങളെയും ഒരു പുനരെഴുത്തിന് ബോബി വിധേയമാക്കുന്നു.  മൃതശരീരക്കൂമ്പാരത്തിന്മേൽ മനുഷ്യരെ, ഉറ്റവരെ, കൊന്നരിഞ്ഞിടുന്ന പ്രജ്ഞയറ്റ ഭൂതാവേശിതരല്ല വിപ്ലവകാരികൾ. ഇത് സംബന്ധിച്ച് ബോബി എഴുതുന്നത് എന്നും ആപ്തവാക്യങ്ങൾ ആയി നിലനിൽക്കും എന്ന് ഞാൻ കരുതുന്നു.
” തലച്ചോറിൻറെ യുക്തിരഹിതമായ ചില മണ്ഡലങ്ങളാണ് വിപ്ലവ മുദ്രാവാക്യങ്ങളുടെ വിളനിലങ്ങൾ ആയി മാറുന്നത്. ഹിംസയെ         തുറന്നു വിട്ടാൽ അത് അതിന്റെ യുക്തിരഹിതമായ പ്രയാണം ആരംഭിക്കും. അതിന് തുടക്കം കുറിക്കുന്നവർ അതിൻറെ തടവുകാരായും പ്രചാരകരായും മാറും…… പ്രത്യയശാസ്ത്രത്തിൻറെ ലഹരി സാമാന്യ യുക്തികളെയെല്ലാം അസാധുവാക്കിക്കൊണ്ടിരിക്കും”.
ഏത്   ആശയസംഹിത – വിപ്ലവം, മതം, പ്രത്യശാസ്ത്രം -ആയാലും മനുഷ്യൻ എന്ന ‘സമചിത്തതയെ’ നശിപ്പിക്കുന്ന സ്വകീയത/വിഭാഗീയത ആന്തരശക്തിയായി അവയുടെ പ്രയോഗത്തിൽ കുടികൊള്ളുന്നു. പ്രജ്ഞയ്ക്ക് കൂച്ചുവിലങ്ങിടപ്പെട്ട ചാവേറുപറ്റങ്ങളായി മനുഷ്യരെ അവ മാറ്റി തീർക്കുന്നു. മനുഷ്യൻ എന്ന ആശയത്തെ ദുർബലപ്പെടുത്തുന്നു.   ‘ജനാധിപത്യത്തെ പറ്റിയുള്ള മനുഷ്യരാശിയുടെ വികസിച്ച ധാരണകളെ കൂടി ഉൾക്കൊള്ളാത്ത വിപ്ലവങ്ങൾ ഇനി മനുഷ്യന് ആവശ്യമില്ല എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത് ‘. അതിനാൽ പ്രത്യശാസ്ത്രങ്ങളെ ബോബി ഭയപ്പെടുകയും ജനാധിപത്യ വിചാരങ്ങളെ വികസിതമായ സ്വാതന്ത്ര്യ സങ്കൽപ്പങ്ങളിലേക്ക് പിടിച്ച് ഉയർത്തുകയും ചെയ്യുന്നു. ഭരണകൂടം മുതൽ കുടുംബാന്തരീക്ഷം വരെ, അച്ഛൻ, ഭർത്താവ്, ഭാര്യ, അദ്ധ്യാപകൻ, നേതാവ്, അങ്ങനെ എവിടെയും അധികാരത്തിന്റെ വാൾ മുനകളുടെ സാന്നിധ്യത്തിൽ മാത്രമേ മനുഷ്യാസ്തിത്വം നിലകൊള്ളുന്നുള്ളൂ. അതിൽനിന്നെല്ലാം മുക്തൻ ആകുന്നതിനെ കുറിച്ച് സ്വപ്നം കാണാമെങ്കിലും, ഒരു സ്വപ്നജീവി ആയി മാത്രം ജീവിക്കാൻ കഴിയില്ല. യാഥാർത്ഥ്യം സ്വപ്നമല്ലല്ലോ.  ആ “യാഥാർത്ഥ്യം” തന്നെയാണ് ഏറ്റവും വലിയ അസ്വാതന്ത്ര്യം എന്ന തിരിച്ചറിവ്. അതാണ് “ജീവിതം നൽകി ഞാൻ  നേടിയ ആത്മജ്ഞാനം. എന്നിലെ ബുദ്ധൻറെ ജ്ഞാനോദയം” എന്ന് ബോബി സാക്ഷ്യപ്പെടുത്തുന്നത്.   ബോബി എന്ന ജീവിതപൊരുളിൻറെ ആകെത്തുകയാണ് ആ വാക്കുകൾ. ഒപ്പം ആത്മകഥയുടെ ഏറ്റവും ശക്തവും ജീവസ്സാർന്നതുമായ സൂക്ഷ്മ ബിന്ദു’.

രണ്ടര  സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ബുദ്ധൻ ജനിച്ചു ജീവിച്ചു മരിച്ച ബീഹാർ-പരിസരദേശങ്ങളും അദ്ദേഹത്തിൻറെ പേരിൽ ബാക്കി വെച്ചിട്ടുള്ളവയോ പുനരാവിഷ്കരിച്ചവയോ നേരിൽ കാണുന്നതിന് അവിടേക്ക് ബോബി നടത്തിയ യാത്രകളും ആത്മകഥയിൽ വായനയ്ക്ക് ഒരു വിരുന്നാണ്. എന്നാൽ, അതിലുപരി, ആ യാത്രയും അതേത്തുടർന്നും അതിനുമുമ്പും ആയി നടത്തിയ അന്വേഷണ -ഗവേഷണങ്ങളുടെ ഫലലബ്ധി “ശ്രമണ ബുദ്ധൻ” എന്ന പണ്ഡിതോചിത ഗ്രന്ഥമാണ്. ചരിത്ര, മത പഠിതാക്കൾക്ക് ആശ്രയിക്കാവുന്ന ഒരു  പ്രമാണ രേഖയായി അത് എന്നും നിലനിൽക്കും.

പുസ്തകങ്ങളെകുറിച്ച് ബോബി ഇങ്ങനെ കുറിക്കുന്നു. ” പുസ്തകങ്ങൾ എനിക്കെൻറെ ചുറ്റും വേണം എന്നാലേ സ്വപ്നങ്ങൾ കാണാനും ജീവിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനും ആകൂ. വാക്കുമരമാണ് ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ തണൽ നൽകിയിട്ടുള്ളത്. വാക്കു മരം പൂക്കുമ്പോൾ എൻറെ ഹൃദയവും തളിരണിയും”. സ്വപ്നങ്ങൾ അസ്വാതന്ത്ര്യങ്ങൾക്ക് നേരെയുള്ള ഒരു ചെറുത്തുനിൽപ്പാണ്. പുസ്തകങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് സ്വപ്നങ്ങൾ എത്തുന്നത്. വിഷാദത്തെക്കുറിച്ച് ബോബി പറയുന്നിടത്ത്:- ‘ഉച്ചരിക്കപ്പെടാതെ തൊണ്ടയിൽ കുരുങ്ങിയ വാക്കുകളുടെ അര നൂറ്റാണ്ടാണ് എൻറെ ജീവിതം’ എന്ന് സൂചിപ്പിക്കുന്നുണ്ട്. തൊണ്ടയിൽ കുരുങ്ങിയവയെ അഴിച്ചെടുക്കുന്നതാണോ ബോബിയുടെ വാക്കുകൾ( പുസ്തകങ്ങൾ)?. അറിയില്ല. ഏതായാലും വാക്കുകൾ സ്ഫോടനാത്മകമാണ്.   ബൈബിളിൽ : ആദിയിൽ വാക്ക് (വചനം) ഉണ്ടായിരുന്നു. വാക്ക് ദൈവത്തോടുകൂടെ ആയിരുന്നു. വാക്ക് ദൈവമായിരുന്നു. (യോഹന്നാൻ 1:1).  ഖലീൽ ജിബ്രാന്റെ ഒരു ഉദ്ധരണി ഇങ്ങനെ പോകുന്നു: ബദാം മരത്തോട് ഞാൻ ചോദിച്ചു ദൈവത്തെ കുറിച്ച് പറയാമോ, ബദാം മരം പൂത്തുലഞ്ഞു (I asked almond tree to speak about God, almond tree blossomed.) വാക്കുമരം പൂക്കുമ്പോൾ  ബോബിയുടെ ഹൃദയം തളിരണിയും. ദൈവം പ്രകാശിക്കുന്നതാണ് വാക്കുകൾ എന്നും പറയാമല്ലോ! പക്ഷേ വാക്കുള്ളത് ഭാഷയിലാണ്. ഭാഷയാണെങ്കിൽ കളങ്കിതമാണ്. കാരണം പിശാച് അതിനുള്ളിൽ ഇരുട്ടു പരത്തുന്നു. വെറും പദങ്ങളല്ല ബോബിക്ക് വാക്ക്. ഇരുട്ടിനെ കീറിമുറിച്ച് ദൈവത്തെ ദ്യോതിപ്പിക്കുന്നതാണ് വാക്ക്.

പാർലമെൻറിൽ ഈയിടെ 65 വാക്കുകൾ വിലക്കപ്പെട്ടു. (ഇവിടെ വാക്ക് എന്ന വാക്കിൻറെ അർത്ഥം തെന്നി മാറിയിട്ടുണ്ട്.താഴെ വിശദീകരിക്കുന്നു) . അതിൽ ഏതു വാക്ക്  ഉച്ചരിച്ചാലും രേഖയിൽ കാണില്ല. അധികാരി വാക്കുകളെ ഭയപ്പെടുന്നു. ഭരണകൂടം വാക്കുകളെ തൊണ്ടയിൽ കുരുക്കുന്നു, വാക്കുകൾ പുറത്തോട്ട് വന്നാൽ സത്യം പുറത്തുവരും. അധികാരത്തെ അത് വിറപ്പിക്കും.
2000 വർഷങ്ങൾക്ക് മുമ്പ് യേശു ദൈവപുത്രൻ എന്ന് ക്രിസ്തു വിശ്വാസികൾ വിളിച്ചു പറഞ്ഞപ്പോൾ മത രാഷ്ട്രീയ നേതൃത്വങ്ങൾ ഭയപ്പെട്ടു.  അന്ന് കാലികമായി അംഗീകരിക്കപ്പെട്ട ദൈവപുത്രൻ റോമാ ചക്രവർത്തി തന്നെയാണ്. ദൈവപുത്രൻ എന്ന പദത്തിൻറെ അർത്ഥം  നിക്ഷേപിക്കപ്പെട്ടിരുന്നത് ചക്രവർത്തി എന്ന ഇതര പദത്തോടെ കൂട്ടിക്കെട്ടിയാണ്. യേശു എന്ന മരപ്പണിക്കാരനോട് അഥവാ കുരിശേൽ  തറച്ചു കൊന്ന രാജ്യദ്രോഹിയോടു ബന്ധപ്പെടുത്തുമ്പോൾ ദൈവപുത്രൻ എന്ന് വാക്കിൻറെ അർത്ഥത്തിന് സ്ഥാനചലനം സംഭവിക്കുന്നു.  അവിടെ ഇരുട്ട് പരത്തിയിരുന്ന പദം പ്രതീക്ഷയുടെ പ്രകാശം പരത്തുന്ന വാക്കായി മാറി. ഇതര പദങ്ങളോടുള്ള ബന്ധത്തിൽ അർത്ഥം നിർമ്മിക്കപ്പെടുകയും എന്നാൽ അർത്ഥം നിരന്തരം തെന്നി മാറുകയും ചെയ്യുന്നുവെന്ന് ദെറിദ പറയുന്നുണ്ട്.

ബോബി പറയുന്നു “ചെയ്ത കാര്യങ്ങളേക്കാൾ ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങളാണ് എൻറെ മനസ്സിൽ ഇരുട്ടായി നിറയുന്നത്….. കാൽ ചുവട്ടിൽനിന്ന് ഒലിച്ചു പോയ നിമിഷങ്ങളിലേക്ക് ഒരു പിന്മടക്കം ഇനി ആകില്ല. വരാനുള്ള നിമിഷങ്ങളിൽ ജീവിക്കുക എന്നതാണ് പ്രധാനം. അപ്പോഴും ഞാൻ നോക്കുന്നത് മുഖംമൂടി നേരെ ആയോ എന്നാണ്. മുഖത്തേക്കാൾ മുഖംമൂടിയിൽ ആണ് ഞാൻ ജീവിക്കുന്നത്.”   .
ഒരു കുട്ടിക്ക് വെറും മുഖമോ മുഖംമൂടിയോ ഏതാണ് മുഖത്തുള്ളത്? മുഖം തന്നെയാണ് എന്ന് ഉറപ്പിക്കാം. വളരുന്തോറും മൂടി മുഖത്ത് പതിഞ്ഞു കൊണ്ടിരിക്കും. അങ്ങനെയെങ്കിൽ എന്താണ് മുഖംമൂടി? ഭാഷയും  സംസ്കൃതിയും വ്യക്തിയുടെ ‘ഞാൻ’ രൂപീകരണവും  ഒക്കെ ഓരോ നിമിഷവും അവൻ/ അവൾ ആർജ്ജിക്കുമ്പോൾ,  പതിയുന്നതല്ലേ മുഖംമൂടി?  സ്വരനാളപാളിയിലെ പേശികളെ ചലിപ്പിക്കുകയോ കമ്പനം കൊള്ളിക്കുകയോ ചെയ്യുമ്പോൾ ആണ് പിഞ്ചു കുഞ്ഞുങ്ങളിൽ ശബ്ദങ്ങളുടെ അണ പൊട്ടുന്നത്.  മുതിർന്നവർ അവരുടെ മേൽ ചൊരിയുന്ന ഭാഷാശബ്ദങ്ങൾ ക്രമേണ ഭാഷയുടെ കളങ്കലോകത്തേക്ക് അവരെ ഉന്തി തള്ളുകയാണ്. തൊണ്ടയിൽ ഉച്ചാരണ സ്ഥാനങ്ങളെ ശീലിച്ചുറപ്പിക്കുന്നതും  അർത്ഥം വെളിപ്പെട്ടു കിട്ടുന്നതും ഒപ്പം തന്നെയാണ്. ഭാഷക്ക് വസ്തുതകളുടെ യഥാർത്ഥ പ്രതിനിധാനങ്ങൾ ആകാൻ കഴിയുന്നില്ലല്ലോ. പിടിതരാത്ത വസ്തുതകളുടെയും മനുഷ്യാസ്തിത്വങ്ങളുടെയും മറ്റൊരു അടര്, അതല്ലേ ഭാഷയും സംസ്കൃതിയും വ്യക്തിരൂപീകരണവും. ഭാഷ   കളങ്കപ്പെടുത്താത്ത കുഞ്ഞുങ്ങളെ കുറിച്ച് ആയിരിക്കും യേശു പറഞ്ഞത് ‘കുഞ്ഞുങ്ങളെ തടയരുതേ അവരെ എൻറെ അടുക്കൽ വിടുക. നിങ്ങൾ കുഞ്ഞുങ്ങളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗ രാജ്യത്തിൽ കടക്കുകയില്ല എന്ന്. ഭാഷയിൽ ഉടനീളം ഇരുട്ട് പരക്കുന്നു. എന്നാൽ വാക്ക് ഭാഷയിലെ ഇരുട്ടിനെ കീറിമുറിച്ച് പ്രകാശം പരത്തുന്നു.

മരണത്തെ ആസ്പദിച്ച് കൊണ്ടാണ് ബോബി ആത്മകഥ അവസാനിപ്പിക്കുന്നത് . മരണത്തിനും മരണാനന്തര ജീവിതത്തിനും ഊന്നൽ കൊടുത്തുകൊണ്ടാണ് മതങ്ങൾ വർത്തമാന ലോകജീവിതത്തെ അഭിമുഖീകരിക്കുന്നത്. ബോബി പറയുന്നു: ‘മരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മതം മനുഷ്യന് ആത്മബലം നൽകുന്നത്. ഹേ മരണമേ, നിൻറെ ജയമെവിടെ, ഹേ  മരണമേ നിൻറെ വിഷമുള്ളെവിടെ ?  എന്ന് പൗലോസ് ചോദിക്കുന്നതോടൊപ്പം അനുയായികളിലേക്ക് സന്നിവേശിപ്പിക്കുന്നത് പുനരുത്ഥാനത്തെ പറ്റിയുള്ള സ്വപ്നങ്ങളും സ്വർഗ്ഗത്തിലേക്ക് തുറക്കപ്പെടുന്ന വാതായനങ്ങളുമാണ്. അത് മരണത്തിൻറെ രൗദ്ര ഭാവത്തെ ചിതറിപ്പിച്ചു കളഞ്ഞു.”  ബോബി തുടർന്ന് പറയുന്നു “മരണം ബാധകമാകാത്ത മനുഷ്യരെ സൃഷ്ടിച്ചു എന്നതാണ് മതം മനുഷ്യരാശിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന” . ഭാരതീയ മത പാരമ്പര്യങ്ങളിലും മരണം മനോഹരമായ ഒരാശയമാക്കി മാറ്റപ്പെട്ടു. പല ജന്മങ്ങൾക്കൊടുവിലെ മോക്ഷവും നിർവ്വാണവും മറ്റും ആത്യന്തികമായ സത്യത്തിലേക്കുള്ള ആഹ്ളാദകരമായ ലയിച്ചു ചേരലാണ്. മരണശേഷവും ജീവിതം തുടരുകയാണെന്ന ഭാവനയാണ് ഇതുവരെയുള്ള മനുഷ്യ ഭാവനകളിൽ ഏറ്റവും ഉദാത്തമായത്.

‘ സ്മൃതി നിർവൃതി’ എന്ന തലക്കെട്ടിൽ സി.വി. ബാലകൃഷ്ണൻ അവതാരികകുറുപ്പിൽ ബോബിയെ ഉദ്ധരിക്കുന്നു: “നിരവധി പരീക്ഷണങ്ങളെ അതിജീവിച്ചുകൊണ്ടാണ് ജീവിതം മുൻപോട്ടു പോവുക. അതിനിടെ തളർന്നു പോകാം. വീണു പോകാതെ മുമ്പോട്ട് തന്നെ നടക്കുക എന്നതാണ് പ്രധാനം. അതിനാണ് ഞാൻ ശ്രമിക്കുന്നത്” എന്നിട്ട് ബാലകൃഷ്ണൻ ആശംസിക്കുന്നു ” പ്രിയ സുഹൃത്തേ, സ്മൃതി നിർവൃതിയോടെയുള്ള യാത്ര തുടരുക. നടക്കുവാൻ ദൂരം ഇനിയുമുണ്ട്.”    അതേ ഊഷ്മള ആശംസ പങ്കുവെച്ച്  ഈ കുറിപ്പ് അവസാനിപ്പിക്കുന്നതോടൊപ്പം ഈ എളിയ കുറിപ്പുകാരനെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും “ജീവിതം നൽകി ഞാൻ  നേടിയ ആത്മജ്ഞാനം. എന്നിലെ ബുദ്ധൻറെ ജ്ഞാനോദയം” എന്നത്.

Related Articles

Back to top button