KERALALATEST

ജാതി അടിസ്ഥാനത്തില്‍ കായിക ടീമുകള്‍; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭക്ക് കീഴില്‍ വിദ്യാര്‍ഥികളുടെ കായിക ടീമുകള്‍ രൂപവത്കരിക്കുന്നതില്‍ ജനറല്‍ വിഭാഗത്തിനും പട്ടിക ജാതിവര്‍ഗ വിഭാഗത്തിനും പ്രത്യേകം ടീമുകള്‍ ഉണ്ടാക്കുന്നുവെന്ന വിവാദത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും തെറ്റായി വ്യാഖ്യാനിച്ചത് ഖേദകരമാണെന്നും മേയര്‍ വിശദീകരിച്ചു.
നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ് സി) എന്ന പേരില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീയിനങ്ങളില്‍ കായിക പരിശീലനം നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ട്രയല്‍സ് നടത്തിയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. ജനറല്‍ ഫണ്ടും എസ് സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ജനറല്‍ /എസി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കും. ഓരോ ഇനത്തിലും ആണ്‍പെണ്‍ വിഭാഗങ്ങളില്‍ നിന്ന് 25പേര്‍ വീതം കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം ആണ് രൂപീകരിക്കുക എന്നതാണ് ആശയമെന്നും വിഷയത്തില്‍ ചര്‍ച്ചകളും വിപുലീകരണവും ആവശ്യമാണെന്നും ഇതിനായി കായിക പ്രേമികളുമായും വിദഗ്ദരുമായും ചര്‍ച്ച നടത്തുമെന്നും മേയര്‍ പറഞ്ഞു. ഇത്തരം ഒരു പദ്ധതിയെ വിവാദത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ലെന്നും അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ ടീം തെരഞ്ഞെടുപ്പില്‍ ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്ന് മേയറുടെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിട്ടു. തുടര്‍ന്നാണ് മേയര്‍ വിശദീകരണം നല്‍കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം നഗരസഭയുടെ സ്‌പോര്‍ട്‌സ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിനെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണ്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പതിവ് രീതികളില്‍ നിന്ന് മാറി ഒരു പടികൂടി മുന്നിലോട്ട് നമ്മുടെ കായിക രംഗത്തെ നയിക്കാന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. നഗരസഭയോ ഞാനോ ഉദ്ദേശിക്കാത്ത തരത്തിലാണ് വ്യാഖ്യാനങ്ങള്‍ എന്നതിനാല്‍ അതേ സംബന്ധിച്ച് ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.
തിരുവനന്തപുരം നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ് സി) എന്ന പ്രോജക്ട് ഹെഡില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീയിനങ്ങളില്‍ കായിക പരിശീലനം നടപ്പിലാക്കി വരുന്നു. നഗരത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ട്രയല്‍സ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജനറല്‍ ഫണ്ട് ഉപയോഗിച്ചും എസ് സി ഫണ്ട് ഉപയോഗിച്ചും പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ജനറല്‍ /എസി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യാകത. ഓരോ കായിക ഇനത്തിലും ആണ്‍കുട്ടികളില്‍ നിന്നും 25 പേരെയും പെണ്‍കുട്ടികളില്‍ നിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം ആണ് രൂപീകരിക്കുക എന്നതാണ് ആശയം.
ഇതിന്മേല്‍ ഇനിയും ചര്‍ച്ചകളും വിപുലീകരണവും ആവശ്യമാണ് എന്നും, അതിനായി നഗരത്തിലെ കായിക പ്രേമികളുമായും വിദഗ്ദരുമായും ചര്‍ച്ച നടത്തുമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു. അങ്ങനെ അതിവിപുലമായ ഒരു പദ്ധതിയായി ഇത് മാറുമെന്ന ആത്മവിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. അത്തരം ഒരു പദ്ധതിയെ വിവാദത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related Articles

Back to top button