BREAKING NEWSKERALA

മഴ കുറഞ്ഞിട്ടും ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ല: പ്രധാന ഡാമുകളെല്ലാം തുറന്നു

തിരുവനന്തപുരം: മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാല്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന പല ഡാമുകളും ഇപ്പോഴും അടയ്ക്കാന്‍ സാധിച്ചിട്ടില്ല. തുറന്ന ഡാമുകളില്‍ ജലം ഒഴുക്കിവിടുന്ന അളവ് കൂട്ടേണ്ടി വരികയും ചെയ്തു. ഡാമുകളില്‍ വലിയ തോതില്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ടെങ്കിലും മഴ മാറി നില്‍ക്കുന്നതിനാല്‍ ജനജീവിതത്തെ ഇതു കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ പാലക്കാട്, തൃശൂര്‍, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്.
സംസ്ഥാനത്ത് ആകെ ഇപ്പോള്‍ 32 അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 16 എണ്ണം കെഎസ്ഇബിയുടെ കീഴില്‍ ഉള്ളവയാണ്. പാലക്കാട് ചുള്ളിയാര്‍ ഡാമിന്റെ ഒരു സ്പില്‍ വെ ഷട്ടര്‍ ഇന്ന് തുറന്നു. നാളെ രാവിലെ എട്ടിന് വാളയാര്‍ ഡാം തുറക്കും. മലമ്പുഴ ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി. ഇന്ന് രണ്ടു തവണ ആയി സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ ജലം കൂടി അധികമായി തുറന്നുവിട്ടു. തടിയമ്പാട് ചപ്പാത്ത് പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘത്തെ തടിയമ്പാടിലേക്ക് നിയോഗിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ്
ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.
നാലു ദിവസം വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ മുല്ലപ്പെരിയറില്‍ നിന്നും ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി. ഇതോടെ പെരിയാര്‍ തീരത്തുള്ളവര്‍ വീണ്ടും ദുരിതത്തിലായി. കടശ്ശിക്കാട് ആറ്റോരത്തെ ബന്ധു വീടുകളിലേക്ക് മാറി. പുരുഷന്മാര്‍ താല്‍കാലിക ഷെഡിലാണ് രാത്രി കഴിച്ചു കൂട്ടിയത്.
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി ഇന്ന് തുറക്കും. നിലവില്‍ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 17 ഘനമീറ്റര്‍ വെള്ളമാണ് തുറന്നു വിടുന്നത്. 2540 അടിയാണ് നിലവിലെ ജല നിരപ്പ്. ഡാം തുറന്നതോടെ കബനി നദിയില്‍ ജല നിരപ്പ് ഉയര്‍ന്നു. എന്നാല്‍ വെള്ളപൊക്ക ഭീഷണിയില്ല. പനമരം പഞ്ചായത്തിലെ കൂടുതല്‍ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മുന്‍ കരുതലിന്റെ ഭാഗമായി കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കൂട്ടി.
ഇടമലയാര്‍ അണക്കെട്ടുകൂടി തുറന്നതോടെ പെരിയാര്‍ തീരത്ത് അതീവ ജാഗ്രത. ഏലൂരിലെ താഴ്ന്ന മേഖലകളില്‍ താമസിക്കുന്നവരോട് ക്യാമ്പുകളിലേക്ക് മാറാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇടമലയാറില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ഉച്ചയ്ക്ക് ശേഷം ഇനിയും കൂട്ടും. ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഇന്ന് രാവിലെ ഉയര്‍ത്തിയത്.

Related Articles

Back to top button