KERALALATEST

പശു വാഴപ്പഴം തിന്നു; ചോദ്യം ചെയ്ത പറമ്പിന്റെ ഉടമയെ പശുവിന്റെ ഉടമ വെട്ടി

കൂറ്റനാട്: പശു വീട്ടുവളപ്പിലെ വാഴപ്പഴം കട്ടുതിന്നത് ചോദ്യം ചെയ്ത മധ്യവയസ്‌കനെ പശു ഉടമ മടവാള്‍ കൊണ്ട് വെട്ടിയും അടിച്ചും പരിക്കേല്‍പ്പിച്ചതായി പരാതി. കൂറ്റനാട് പയ്യടപ്പടി 50 വയസുകാരന്‍ കൃഷ്ണനാണ് വെട്ടും അടിയും കൊണ്ട് പരിക്കേറ്റത്. വെട്ടേറ്റ കൃഷ്ണന്‍ ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം കാലത്ത് പത്തേമുക്കാലോടെയായിരുന്നു സംഭവം. കൃഷ്ണന്റെ വീടിനോട് ചേര്‍ന്ന് നിന്നിരുന്ന വാഴപ്പഴം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പശു മതിലിനരികിലൂടെ എത്തി തിന്നുകയായിരുന്നു. പിന്നാലെ വന്നിരുന്ന പശുവിന്റെ ഉടമയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പ്രകോപിതനായി കൃഷ്ണനെ വെട്ടുകയായിരുന്നു.
കാലില്‍ വെട്ടേറ്റ് വീണ കൃഷ്ണന്റെ തലയിലും ഇയാള്‍ മടവാള്‍ കൊണ്ട് ആഞ്ഞടിച്ചു. തലക്കും കാലിലും പരിക്കേറ്റ് നിലത്ത് വീണ കൃഷണനെ ചാലിശ്ശേരി സി എച്ച്‌സിയില്‍ ചികിത്സക്ക് വിധേയനാക്കി. ഇതിന് മുന്‍പും വീട്ടിലെ കാര്‍ഷിക വിളകള്‍ പശു കയറി നശിപ്പിക്കുന്നതായി ഇയാള്‍ പഞ്ചായത്ത് മെമ്പര്‍ക്ക് പരാതി നല്‍കിയിരുന്നു.
പശു ഉടമയോട് അന്ന് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ മതില്‍ കെട്ടി പറമ്പ് സംരക്ഷിക്കാനായിരുന്നു കൃഷ്ണന് ലഭിച്ച മറുപടി. തുടര്‍ന്ന് കൃഷ്ണന്‍ വീടിനരികില്‍ ഹോളോബ്രിക്‌സ് ഉപയോഗിച്ച് മതില്‍ കെട്ടിയെങ്കിലും മതിലിനരികിലൂടെ കയറി പശു പഴക്കുലയില്‍ നിന്നും പഴം അകത്താക്കുകയായിരുന്നു.
നാഗലശ്ശേരി കൃഷി ഭവനില്‍ നിന്നും ലഭിച്ച റോബസ്റ്റ വാഴപ്പഴക്കുലകളാണ് പശു നശിപ്പിച്ചത്. സമീപത്തെ മറ്റു പല വീടുകളിലും മേയാന്‍ വിട്ട പശു കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി പരാതിയുണ്ട്. വെട്ടേറ്റ് പരിക്കേറ്റ കൃഷ്ണന്‍ ചാലിശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button