KERALALATEST

കിഫ്ബി; ഹൈക്കോടതിയിൽ ഇഡിയ്ക്ക് തിരിച്ചടി: രാഷ്ട്രീയ സംശയങ്ങൾ ബലപ്പെടുന്നു

കിഫ്ബിയും ഇഡിയും തമ്മിലുള്ള നിയമപോരാട്ടത്തിൽ ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നതോടെ ഇഡിയെക്കുറിച്ച് നിലവിലുള്ള രാഷ്ട്രീയ സംശയങ്ങൾ ബലപ്പെടുന്നു. രാഷ്ട്രീയ ആയുധം എന്ന നിലയിൽ മാത്രമാണ് ഇഡി ഉപയോഗിക്കപ്പെടുന്നത് എന്ന ആശങ്കകൾ അസ്ഥാനത്തല്ലെന്നാണ് കിഫ്ബിയ്ക്കെതിരായ സമൻസുകൾ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്. ഒരു എൻഫോഴ്സ്മെന്റ് ഏജൻസി എന്ന നിലയിൽ ഇഡിയുടെ അധികാര പരിധിയിൽ പെടാത്തതാണ് തങ്ങൾക്കെതിരെയുള്ള നീക്കം എന്നത് തുടക്കം മുതൽ തന്നെ കിഫ്ബി പറയുന്നതാണ്.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന രണ്ടു വർഷങ്ങളിലാണ് കിഫ്ബിക്കെതിരെ ഏകോപിതമായ നീക്കങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മസാല ബോണ്ടിറക്കിയതുമായി ബന്ധപ്പെട്ടാണ് ഈ നീക്കങ്ങളുടെ ചൂട് പിടിച്ചത്. എന്നാൽ ഒരു ബോഡി കോർപ്പറേറ്റ് എന്ന നിലയിൽ ആ സമയത്ത് നിലവിലുണ്ടായിരുന്ന റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിച്ച് ആർബിഐയുടെ അനുമതി നേടിക്കൊണ്ടാണ് കിഫ്ബി മസാലബോണ്ടിറക്കിയത്. എന്നാലിത് ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണമുയർത്തിയാണ് സിഏജിയുടെ റിപ്പോർട്ടിന്റെ ചുവട് പിടിച്ച് ഇഡി കിഫ്ബിക്കെതിരെ സമൻസ് യുദ്ധം ആരംഭിച്ചത്. ഫെമ ലംഘനമുണ്ടെങ്കിൽ അതിൽ പരാതിപ്പെടേണ്ടത് റിസർവ് ബാങ്കാണെന്നും വെറും ഒരു ലോ എൻഫോഴ്സ്മെന്റ് ഏജൻസി എന്ന നിലയിൽ ഇഡിക്ക് ഇതിൽ കാര്യമില്ലെന്നും മുൻ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് അന്നുതന്നെ എതിർവാദം ഉയർത്തിയിരുന്നു.

കിഫ്ബിയുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന ഭരണഘടനാപരമായ നിയമലംഘനങ്ങളൊന്നും തന്നെ ഫെമയുടെ കീഴിലുള്ള ഒരു എൻഫോഴ്‌സ്‌മെന്റ് ഏജൻസി മാത്രമായ ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതല്ല. 2021 ജനുവരി 22ന് ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങളെ കേരള നിയമ സഭ തള്ളിയിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ ഇഡി അന്വേഷണം സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാകാൻ കഴിയില്ലെന്നാണ് കിഫ്ബിയുടെ വാദം.

മറ്റൊരു പ്രസക്തമായ കാര്യം എന്തെന്നാൽ, മസാലബോണ്ടിറക്കിയ മറ്റു സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ എന്ന് ഉത്തരവാദപ്പെട്ട ഇഡി ഓഫിസറോട് കോടതി ആരാഞ്ഞിരുന്നുവെങ്കിലും സെപ്റ്റംബർ 23ന് ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിൽ ഇതേക്കുറിച്ച് യാതൊന്നും ഉണ്ടായിരുന്നില്ല. നാഷനൽ ഹൈവേയ്സ് അഥോറിട്ടി ഓഫ് ഇന്ത്യ, നാഷനൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ്,  ഇന്ത്യൻ റിന്യൂവബിൾ എനെർജി ഡെവലപ്മെന്റ് ഏജൻസി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും മസാല ബോണ്ടിറക്കിയിട്ടുണ്ടെന്നും എന്നാൽ അത് സംബന്ധമായി ഒരന്വേഷണവും ഉണ്ടായിട്ടില്ല എന്നു കിഫ്ബി ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ രാഷ്ട്രീയ ലക്ഷ്യങ്ങൽ വച്ചുകൊണ്ടാണ് ഇഡി കിഫ്ബിയെ മാത്രം മസാലബോണ്ടിൽ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്നും ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

ഈ വിവരം നൽകുന്നതിൽ ഇഡിയുടെ അവഗണന കോടതിയെ അസ്വസ്ഥപ്പെടുത്തിയെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്വേഷണം തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി തൽക്കാലം ഇഡിയ്ക്ക് മുഖം രക്ഷിക്കാമെങ്കിലും അന്തിമ വിധി എന്തായിരിക്കുമെന്നതിൽ അവർക്ക് ആശങ്കകളുണ്ട്. പ്രത്യേകിച്ച് റിസർവ് ബാങ്കിനെ കക്ഷിചേർക്കാൻ ഹൈക്കോടതി തീരുമാനിച്ച സാഹചര്യത്തിൽ. മസാല ബോണ്ടിറക്കുന്നതിൽ മാത്രമല്ല അങ്ങനെ സമാഹചരിച്ച തുകയുടെ വരവ് ചെലവ് കണക്കുകൾ പോലും റിസർവ് ബാങ്ക് അംഗീകരിച്ച സാഹചര്യത്തിൽ കിഫ്ബിയുടെ കാര്യത്തിൽ ഇഡിയ്ക്ക് വിയർക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ രാജ്യത്തെമ്പാടും രാഷ്ട്രീയ ആയുധം എന്ന നിലയിൽ ഇഡി ഉപയോഗിക്കപ്പെടുകയാണെന്നുള്ള ആശങ്കകൾ ബലപ്പെടാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.

Related Articles

Back to top button