എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി തേടി സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിക്കുമെന്ന് അറിയിച്ചതായി മന്ത്രി ആര്‍ ബിന്ദു. സമരസമിതിയുമായി മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ബിന്ദു തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സമരസമിതി നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്ന് മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാര്‍ ദയാബായിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കും. ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നാല് വിഷയങ്ങളാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഇക്കാര്യം അറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഈമാസം രണ്ടിനാണ് ദയാബായി സമരമാരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാ പട്ടികയിലേക്ക് കാസര്‍കോടിനെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.