മൂന്നാര്‍: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ വീണ്ടും എം.എം മണി രംഗത്ത്. സിപിഎമ്മിനോട് നന്ദികേട് കാണിച്ച എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണം എന്നാണ് എം.എം മണിയുടെ ആഹ്വാനം. മൂന്നാറില്‍ നടന്ന എസ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ 54 ാം വാര്‍ഷിക യോഗത്തിലാണ് വിവാദ ആഹ്വാനം. മൂന്നാറില്‍ ജനിച്ചു വളര്‍ന്ന തന്നെ ആരെങ്കിലും കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍ നേരിടുമെന്ന് എസ് രാജേന്ദ്രന്‍ തിരിച്ചടിക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍.എയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന എസ്. രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നാണ് എം.എം മണി പറഞ്ഞത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ല. രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ മാറി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ സ്ഥാനാര്‍ഥിയാക്കി. എന്നാല്‍ എ. രാജയെ തോല്‍പിക്കാന്‍ അണിയറയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും മണി ആരോപിച്ചു.
എം എം മണി എംഎല്‍എയുടെ വിവാദ ആഹ്വാനത്തിന് മറുപടിയുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ആരോപണത്തോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കൈകാര്യം ചെയ്യാന്‍ വന്നാല്‍ അപ്പോള്‍ നോക്കാമെന്നാണ് എസ് രാജേന്ദ്രന്‍ പറഞ്ഞു. എം എം മണിയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ഒരാളുമല്ലാതെ മറ്റാരും താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി പറയില്ല. ചിലരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.