വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് റോഡ് ഉപരോധിക്കും. ആറ്റിങ്ങല്‍. ചാക്ക, തിരുവല്ലം-വിഴിഞ്ഞം. സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളിലാണ് സമരം. അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം.
സമരക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തും. സമരം കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സമരം ഇന്ന് 62-ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷ്ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.