ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫി ഒരു വര്‍ഷം മുമ്പ് മറ്റൊരു കൊലപാതകം കൂടി നടത്തിയതായി മൊഴി. കേസിലെ പ്രതി ലൈലയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ഇലന്തൂരിലെ വീട്ടില്‍ വെച്ചാണ് ഷാഫി ഇതു പറഞ്ഞത്. കൊലപാതകം നടത്തിയശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയെന്നും ഷാഫി പറഞ്ഞതായി ലൈല മൊഴി നല്‍കി.
ഇലന്തൂരിലെ തെളിവെടുപ്പിനിടെയാണ് ലൈല ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. എറണാകുളത്ത് ഒരു കൊലപാതകം നടത്തി, മനുഷ്യമാംസം വില്‍പ്പന നടത്തിയെന്നാണ് ഷാഫി പറഞ്ഞത്. വീടിന്റെ ഇറയത്തുവെച്ച് ഭഗവല്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് ഷാഫി ഇതു പറഞ്ഞതെന്നും ലൈല വ്യക്തമാക്കി.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഇത്തരത്തില്‍ ദമ്പതികളോട് പറഞ്ഞിരുന്നതായി ഷാഫി സമ്മതിച്ചു. എന്നാല്‍ താന്‍ കൊലപാതകം ഒന്നും നടത്തിയിട്ടില്ല. ദമ്പതികളെ വിശ്വസിപ്പിക്കുന്നതിനായി ഒരു കള്ളം പറഞ്ഞതാണെന്നുമാണ് ഷാഫി പൊലീസിനോട് വിശദീകരിച്ചത്. ഷാഫി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ഇയാളുമായി മുമ്പ് ബന്ധമുണ്ടായിരുന്നവരെക്കുറിച്ചെല്ലാം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
മനുഷ്യമാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. മനുഷ്യമാംസം വിറ്റാല്‍ ഇരുപത് ലക്ഷം രൂപ വരെ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം പല കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേകം വില കിട്ടുമെന്നാണ് ഷാഫി ഇരുവരെയും വിശ്വസിപ്പിച്ചത്.