ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപെട്ടവരെ ജയില്‍ മോചിപ്പിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ശിക്ഷ ഇളവ് ലഭിച്ച പതിനൊന്ന് പേരും ജയിലില്‍ നല്ല സ്വഭാവമായിരുന്നു. ശിക്ഷ ഇളവിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത സിപിഎം നേതാവ് സുഭാഷിണി അലി അടക്കം ഉള്ളവര്‍ വലിഞ്ഞ് കയറി കേസില്‍ ഇടപെടുന്നവര്‍ ആണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.
ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍ മോചനം സംബന്ധിച്ച 1992 ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പതിനൊന്ന് പേര്‍ക്കും ശിക്ഷ ഇളവ് നല്‍കിയത്. പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷ ഇളവ് നല്‍കാമെന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ അല്ല ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ മോചനമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.