ഗാന്ധിനഗര്‍: ഗുജറാത്തിലെ ഡീസയില്‍ നിര്‍മാണം ആരംഭിക്കുന്ന സൈനിക വ്യോമതാവളം രാജ്യസുരക്ഷയില്‍ നിര്‍ണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഗാന്ധിനഗറില്‍ ഡിഫന്‍സ് എക്‌സ്‌പോ 2022ന്റെ ഉദ്ഘാടനവും പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രതിരോധമേഖലയുടെ പ്രധാനകേന്ദ്രമായി ഗുജറാത്ത് മാറുമെന്നും രാജ്യസുരക്ഷയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ സംസ്ഥാനത്തിനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘പുതിയ വ്യോമതാവളത്തിന്റെ നിര്‍മാണത്തില്‍ ജനങ്ങള്‍ ഏറെ ആഹഌദചിത്തരാണ്. അതിര്‍ത്തിയില്‍നിന്ന് 130 കിലോ മീറ്റര്‍ മാത്രമാണ് ഡീസയിലേക്കുള്ള അകലം. പദ്ധതി നടപ്പിലാവുന്നതോടെ വ്യോമസേനക്ക് രാജ്യത്തിന്റെ പശ്ചിമഭാഗത്തുനിന്നുള്ള ഏതു ഭീഷണിയേയും ഉത്തമമായി പ്രതിരോധിക്കാനാകും’, ഗുജറാത്തിയില്‍ ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് മോദി വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിമാനത്താവളനിര്‍മാണത്തിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും കേന്ദസര്‍ക്കാരിന്റെ അനാസ്ഥ മൂലം വര്‍ഷങ്ങളോളം പദ്ധതി വൈകിയതായും താന്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ പ്രതിരോധസേനയിലെ അംഗങ്ങളുടെ സ്വപ്നം സഫലമാകാന്‍ പോകുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രതിരോധമേഖല നേരിടുന്ന വിവിധ ഭീഷണികള്‍ക്ക് പുതുതായി നടപ്പിലാകാന്‍ പോകുന്ന മിഷന്‍ ഡിഫന്‍സ് സ്‌പേസ് പദ്ധതി പരിഹാരമാകുമെന്നും ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മറ്റ് രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് കൊല്ലം മുമ്പുവരെ പ്രതിരോധമേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്നു ഇന്ത്യയെന്നും എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ ഇന്ത്യയുടെ കയറ്റുമതി എട്ട് മടങ്ങ് വര്‍ധിച്ചതായും മോദി പറഞ്ഞു. ആഗോള കയറ്റുമതി ശൃംഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ ഭാഗമായതായും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ‘തേജസ്സി’ല്‍ നിരവധി രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിക്കുന്നതായും യുഎസ്, ഇറ്റലി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ നിര്‍മിച്ച മിസൈലുകളുടെ വിജയത്തോടെ ഇന്ത്യന്‍ സൈന്യം ലോകത്തിന്റെ മുന്‍നിരയിലേക്കുയര്‍ന്നതോടെയാണ് ഇന്ത്യന്‍ നിര്‍മിത പ്രതിരോധ ഉപകരണങ്ങളില്‍ ലോകം വിശ്വാസമര്‍പ്പിക്കാന്‍ ഇടയായതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിലെ മികച്ച വിപ്ലവങ്ങള്‍ക്ക് കാരണം സൈനികരാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് പകരാനായി 101 പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇവ മറ്റു രാജ്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജ്യത്തിന് വേണ്ട എല്ലാ സൈനികോപകരണങ്ങളും തദ്ദേശീയമായി നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.