കട്ടപ്പന: ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാര കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. പൊലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടരുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യൂദാഗിരി സ്വദേശി റോബിന്റെ പറമ്പിലുണ്ടായിരുന്ന ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച റോബിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷവും ഇവിടെ മൃഗബലി നടക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് താക്കീത് നല്‍കിയിട്ടും റോബിന്‍ ആഭിചാരക്രിയകള്‍ തുടരുന്നതിനെതിരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പരാതി ഉന്നയിക്കുന്ന നാട്ടുകാര്‍ക്കെതിരെ റോബിന്‍ നിരന്തരം ഭീഷണിയും മുഴക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
റോബിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പറമ്പിലുണ്ടായിരുന്ന ബലിത്തറകള്‍ സി.പി.എം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. ബലിത്തറകളില്‍ ഒന്നില്‍ നിന്നും കത്തി കണ്ടെത്തി. റോബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.