തിരുവനന്തപുരം: വടക്കഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പഠനയാത്രയ്ക്കുള്ള 27 ഇന മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് പ്രധാനനിര്‍ദേശം.
ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍മാത്രമേ ഉപയോഗിക്കാവൂ. സര്‍ക്കാരിന്റെ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെമാത്രം നിയോഗിക്കണം. വിനോദസഞ്ചാര വകുപ്പ് അംഗീകാരം നല്‍കിയ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
വാഹനങ്ങളുടെ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നീ രേഖകള്‍ സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പാക്കണം. ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ യാത്രയ്ക്കുശേഷം ആര്‍.ടി.ഒ.യെ അറിയിക്കണം.
മറ്റു മുഖ്യനിര്‍ദേശങ്ങള്‍:
1. സ്‌കൂള്‍ മേലധികാരിയുടെ പൂര്‍ണനിയന്ത്രണത്തില്‍ ഒരു അധ്യാപക കണ്‍വീനറുടെ ചുമതലയില്‍ സംഘടിപ്പിക്കണം. സ്‌കൂള്‍ പാര്‍ലമെന്റിലെ ഒരു വിദ്യാര്‍ഥി കണ്‍വീനറും രണ്ട് അധ്യാപക പ്രതിനിധികളും ഒരു പി.ടി.എ. പ്രതിനിധിയും ഉള്‍പ്പെട്ട യാത്രാകമ്മിറ്റി രൂപവത്കരിക്കണം.
2. സ്ഥലം, യാത്രാപരിപാടികള്‍, താമസം, ചെലവ് തുടങ്ങിയവ സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കണം. ഇത് സ്‌കൂള്‍ പി.ടി.എ. ചര്‍ച്ചചെയ്തു തീരുമാനിക്കണം. സന്ദര്‍ശിക്കുന്ന സ്ഥലം, പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം എന്നീവിവരങ്ങള്‍ സ്‌കൂളിനും വിദ്യാഭ്യാസവകുപ്പിനും സമര്‍പ്പിക്കണം.
3. രക്ഷിതാക്കളുടെ യോഗം ചേര്‍ന്ന് വിവരങ്ങളും തയ്യാറെടുപ്പും അറിയിക്കണം.
4. ഒരു അക്കാദമികവര്‍ഷം, ഇടവിട്ടോ തുടര്‍ച്ചയായോ പരമാവധി മൂന്നുദിനങ്ങള്‍മാത്രമേ യാത്രയ്ക്കായി ഉപയോഗിക്കാവൂ. തുടര്‍ച്ചയായ മൂന്നു ദിവസമാണെങ്കില്‍ സ്‌കൂള്‍ പ്രവൃത്തിദിനമല്ലാത്ത ദിവസം കൂടിചേര്‍ക്കണം.
5. പഠനപ്രാധാന്യമുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കണം.
6. ജലയാത്ര, വനയാത്ര എന്നിവ നടത്തുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെ മുന്‍കൂട്ടി അറിയിക്കുകയും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.
7. രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
8. യാത്രയ്ക്കുമ്പ് പ്രദേശത്തെ പോലീസ്‌സ്റ്റേഷനില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണം.
9. യാത്രാസംഘത്തിലെ അധ്യാപകവിദ്യാര്‍ഥി അനുപാതം 1:15 എന്നായിരിക്കണം.
10. പ്രധാന അധ്യാപകനോ സീനിയര്‍ അധ്യാപകനോ യാത്രാസംഘത്തെ അനുഗമിക്കണം.