BREAKING NEWSKERALALATEST

കേരളം വീണ്ടും കടമെടുക്കുന്നു, 1500 കോടികൂടി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 1500 കോടിരൂപകൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലാണിത്. ഇതോടെ ഈ സാമ്പത്തികവര്‍ഷം ഇതുവരെ പൊതുവിപണിയില്‍നിന്നുള്ള കടം 11,436 കോടിരൂപയാവും.
വായ്പപ്പരിധി വെട്ടിക്കുറച്ചതിനാല്‍ ഡിസംബര്‍ വരെ 17,936 കോടിരൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ ഇനി ശേഷിക്കുന്നത് 6500 കോടി രൂപയാണ്. ഡിസംബറിനുശേഷം കേന്ദ്രം കൂടുതല്‍ വായ്പ അനുവദിച്ചില്ലെങ്കില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം വഴുതിവീഴുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും മറ്റു സ്ഥിരം ചെലവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്.
ക്ഷേമപെന്‍ഷന്‍ കമ്പനിയും കിഫ്ബിയും എടുത്ത വായ്പകളുടെ ഒരുഭാഗംകൂടി പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ കേന്ദ്രം വായ്പപ്പരിധി വെട്ടിക്കുറച്ചത്. ഡിസംബറിനുശേഷം കേന്ദ്രം തീരുമാനം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.
ഒക്ടോബര്‍ മൂന്നിന് 1000 കോടി എടുത്തിരുന്നു. 7.7 ശതമാനം പലിശയ്ക്ക് 25 വര്‍ഷത്തേക്കാണ് ഇതിനുള്ള കടപ്പത്രങ്ങള്‍ വിറ്റത്. സെപ്റ്റംബറിലെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍വേണ്ട 878 കോടി രൂപ കണ്ടെത്തിയത് ഇതിലൂടെയാണ്. കടപ്പത്രങ്ങളുടെ ലേലം 25ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനംവഴി നടക്കും.

Related Articles

Back to top button