ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി. പരാതികള്‍ക്കായി കാത്തു നില്‍ക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മള്‍ ജീവിക്കുന്നത്’, എന്നിട്ടും മതത്തിന്റെ പേരില്‍ എവിടെയാണ് എത്തി നില്‍ക്കുന്നത് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബെഞ്ച് ചോദിച്ചു. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേര്‍ന്നതല്ല വിദ്വേഷ പ്രസംഗങ്ങള്‍. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണം. വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം നോക്കേണ്ടതില്ല. നടപടി ഉണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്വേഷ പ്രസംഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. ഇസ്ലാം മതം വിശ്വാസികളായവരെ ഭീകരരായി മുദ്ര കുത്തുകയും ഉന്നം വയ്ക്കുകയും ചെയ്യുന്നതില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കാണ് വിദ്വേശ പ്രാസംഗികര്‍ക്കെതിരേ സ്വമേധയ നടപടി എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. സമീപകാലത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഉണ്ടായ ചില വിദ്വേഷ പ്രസംഗങ്ങളില്‍ കോടതി ഞെട്ടല്‍ രേഖപ്പെടുത്തി. ഹര്‍ജിക്കാരനായ ഷഹീന്‍ അബ്ദുള്ള ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗങ്ങളില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.