പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതികളെ വീണ്ടും കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. മുഹമ്മദ് ഷാഫിയെയും ഭഗവത് സിംഗിനെയും ആണ് ഇന്ന് വീട്ടില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടന്നു. കഴിഞ്ഞ ദിവസം ഡമ്മി പരീക്ഷണം നടത്തിയെങ്കിലും മൃതദേഹങ്ങളിലെ മുറിവുകളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വീണ്ടും പരീക്ഷണം നടത്തിയത്. വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നീക്കി പരിശോധിച്ചെങ്കിലും കാര്യമായി തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഫോറന്‍സിക് സംഘവും വീടിനുള്ളില്‍ പരിശോധന നടത്തി. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയറിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ ഫോറെന്‍സിക് സംഘം ശേഖരിച്ചു.
അതേസമയം കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്‌കരിച്ചത്. സെപ്റ്റംബര്‍ 26 ന് രാവിലെ 9.15 ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷന്‍ സ്ട്രീറ്റിലേക്ക് പോയി. സ്‌കോര്‍പിയോ കാറുമായി 9.25 ഓടെ ചിറ്റൂര്‍ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലില്‍ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.