കാര്‍ കാരണം മകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നെങ്കിലും മകളുടെ ഓര്‍മയില്‍ പുതിയ ഓഡി കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് വിസ്മയുടെ അച്ഛന്‍ ത്രിവിക്രമനും അമ്മ സജിതയും. സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്. പീഡനം സഹിക്കാനാവാതെ വിസ്മയ ജീവനൊടുക്കിയതോടെ മകളുടെ ഓര്‍മക്കായി പുതിയ ഓഡി കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുടുംബം. സഹോദരന്‍ വിജിത്ത് ആണ് സന്തോഷം പങ്കുവച്ചത്.
സ്ത്രീധനപീഡനം കാരണം ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ മേയ് 24നാണ് കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്.
കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ അറസ്റ്റിലായതിന് പിന്നാലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
വിസ്മയയുടെ ദുരൂഹമരണത്തിലേക്ക് നയിച്ച കലഹത്തിനു കാരണമായത് വിവാഹസമ്മാനമായി ലഭിച്ച കാറാണെന്ന് കേസിന്റെ ആദ്യദിവസങ്ങളില്‍ത്തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നല്‍കിയ കാര്‍ മോശമാണെന്നും പറഞ്ഞ് നിരന്തരം വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. വിവാഹത്തിനുമുന്‍പുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടുകാറുകളുടെ പേര് കിരണ്‍ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. കൊവിഡ് അടച്ചിടല്‍ കാലമായതിനാല്‍ ആ കാറുകള്‍ കിട്ടിയില്ല.
കല്യാണത്തലേന്ന് വിസ്മയയുടെ വീട്ടിലെത്തിയ കിരണ്‍, കാര്‍ കണ്ട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നത്രേ. വിവാഹശേഷവും ഇടയ്ക്കിടെ കാറിനെച്ചൊല്ലി കലഹമുണ്ടായിട്ടുണ്ടെന്ന് കിരണിന്റെ അച്ഛനമ്മമാരും പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിലാണ് വഴക്കുണ്ടായിരുന്നത്. വിസ്മയയുടെ അച്ഛനോടും സഹോദരനോടും കിരണിന് വലിയ ദേഷ്യമായിരുന്നു.