BREAKING NEWSKERALA

ഗവര്‍ണര്‍ അടുത്ത പണി തുടങ്ങി; 9 വിസിമാരും നാളെ രാവിലെ 11.30 നു മുന്‍പു രാജിവയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം:സര്‍ക്കാരിനെതിരായ ആക്രമണം പുതിയ തലത്തിലേക്ക് ഉയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ 9 വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിര്‍ദേശം. യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.
കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചതിനു തൊടുപിന്നാലെയാണു ഗവര്‍ണര്‍ കടുപ്പിച്ചത്.
എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീയുടെ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015ലെ സര്‍വകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സേര്‍ച് കമ്മിറ്റി ചാന്‍സലര്‍ക്കു നല്‍കേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നല്‍കിയതെന്ന് കോടതി കണ്ടെത്തി.
സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് 5 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതും പാനല്‍ ഇല്ലാതെയാണ്. കണ്ണൂര്‍, സംസ്‌കൃതം, ഫിഷറീസ്, എംജി, കേരള സര്‍വകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേര്‍ച് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. ഇവരില്‍ സംസ്‌കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുന്‍ ഗവര്‍ണര്‍ പി.സദാശിവം ആയിരുന്നു.
ഗവര്‍ണറുടെ അടുത്തിടെയുള്ള നടപടികള്‍ക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനയാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ സേര്‍ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാന്‍ സര്‍വകലാശാല തയാറായില്ല. ഇതേതുടര്‍ന്ന് 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ നീക്കിയിരുന്നു. ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.

Related Articles

Back to top button