തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കാനുള്ള ബില്ലിന്റെ കരട് തയാറാക്കിയിരുന്നു. കരട് ഓര്‍ഡിനന്‍സ് എന്ന നിലയിലാണ് നിയമവകുപ്പ് ഇതു തയാറാക്കിയത്. ഇതു പരിഗണിച്ച മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
ബില്‍ പാസാക്കുന്നതിന് ഡിസംബര്‍ 5 മുതല്‍ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കും.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് സര്‍ക്കാരിന് ഭരണഘടനാ വിദഗ്ധരില്‍നിന്ന് ലഭിച്ച നിയമോപദേശം. മുന്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവരാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. ബംഗാളില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കി പകരം മുഖ്യമന്ത്രിക്ക് ആ ചുമതല നല്‍കിയിരുന്നു. ബംഗാള്‍ നിയമസഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയ രീതിയില്‍ ഇവിടെയും ഓര്‍ഡിനന്‍സ് അവതരിപ്പിക്കാനാണ് നീക്കം.
വകുപ്പു മന്ത്രിയെത്തന്നെ സര്‍വകലാശാലകളുടെ ചാന്‍സലറുമാക്കുന്ന ക്രമീകരണമാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിലുള്ളത്. സ്ഥിരം സംവിധാനമുണ്ടാകുന്നതുവരെ ചാന്‍സലറുടെ ചുമതല വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് കൈമാറാമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, അധികബാധ്യത ഒഴിവാക്കുന്നതിന് ചാന്‍സലറാകുന്ന വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് പ്രതിഫലം നല്‍കരുതെന്നും നിയമോപദേശത്തിലുണ്ട്.
നേരത്തേ സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുത്തുകൊള്ളാനും അതിനായി നിയമ നിര്‍മാണം നടത്തിയാല്‍ ഒപ്പുവയ്ക്കാന്‍ തയാറാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.
തുടര്‍ന്ന് കുറെക്കാലത്തേക്ക് അദ്ദേഹം ചാന്‍സലര്‍ എന്ന നിലയിലുള്ള ഫയലുകള്‍ നോക്കിയില്ല. ചാന്‍സലറായി ഗവര്‍ണര്‍ തുടരണമെന്നു സര്‍ക്കാര്‍ നിര്‍ബന്ധിച്ചപ്പോള്‍ താന്‍ ചട്ടം നടപ്പാക്കുമെന്ന മുന്നറിയിപ്പോടെ അദ്ദേഹം തയാറാവുകയായിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ബില്ലിനു ഗവര്‍ണര്‍ അംഗീകാരം നല്‍കുമോ എന്ന് ഉറപ്പില്ല.