തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താത്ക്കാലിക നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ് നേതൃയോഗത്തില്‍ ആവശ്യം. കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണമെന്നും സ്ഥിരനിയമനങ്ങള്‍ പിഎസ്.സി വഴി മാത്രം വേണമെന്നുമാണ് ആവശ്യം ഉയര്‍ന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം യോഗത്തില്‍ ആവശ്യപ്പെട്ടത്.
നിലവില്‍ പല സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ പിഎസ്.സിക്ക് വിട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അതിനാല്‍ പിഎസ്.സിക്ക് വിട്ട നിയമനങ്ങള്‍ പൂര്‍ണമായും ആ വഴിക്ക് തന്നെയാണെന്ന് ഉറപ്പുവരുത്തണം. താത്കാലിക നിയമനങ്ങള്‍ പൂര്‍ണമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സുതാര്യമായി നടത്തണമെന്നും കാനം ആവശ്യപ്പെട്ടു.
എന്നാല്‍ കാനത്തിന്റെ ഈ അഭിപ്രായത്തോട് യോഗത്തില്‍ മറ്റു ഘടകകക്ഷികളോ മുഖ്യമന്ത്രിയടക്കമുള്ള മറ്റുള്ളവരോ പ്രതികരിച്ചില്ല. ഇക്കാര്യം വികസന രേഖയുടെ ഭാഗമാക്കി ഉള്‍പ്പെടുത്താമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചു.