FOOTBALLLATESTSPORTS

ഖത്തര്‍ ലോകകപ്പ്; ആഘോഷങ്ങള്‍ക്ക് അല്‍ ബിദ്ദ സജ്ജം

ദോഹ: ഖത്തര്‍ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ ഫാന്‍ എന്‍ഗേജ്‌മെന്റ് കേന്ദ്രത്തിന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി തുടക്കം കുറിച്ചു. ഫാന്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ ലോഞ്ചിങ് ചടങ്ങില്‍ എസ്.സി ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്കിലെ അംഗങ്ങള്‍ പങ്കെടുത്തു. ഫാന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ പര്യടനവും ഉള്‍പ്പെടെയായിരുന്നു ചടങ്ങുകള്‍.
അടിസ്ഥാന കോണ്‍സുലാര്‍ സേവനങ്ങള്‍, ആരാധകരുടെ ഒത്തുചേരലുകള്‍, പ്രകടനങ്ങള്‍ എന്നിവ സുഗമമാക്കുന്നതിനുള്ള സേവനം ഫാന്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ നല്‍കുന്നു. ആരാധകര്‍ക്ക് തങ്ങളുടെ ഏത് ആശങ്കകള്‍ പങ്കുവെക്കാനുമുള്ള ഔട്ട്‌ലറ്റായും കേന്ദ്രം പ്രവര്‍ത്തിക്കും. കൂടാതെ, ടൂര്‍ണമെന്റ് അംബാസഡര്‍മാരുമായി ഫാന്‍ ആക്ടിവേഷനുകള്‍ക്കുള്ള വേദിയായും എസ്.സിയുടെ ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്കിന്റെ ഏകോപന കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും.
അറബ് ലോകത്ത് ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് കാലയളവില്‍ ആരാധകര്‍ക്കാവശ്യമായ എല്ലാ പിന്തുണയും ഫാന്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ നല്‍കുമെന്നും ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രം, ആരാധകരുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ള സഹായം നല്‍കുമെന്നും എസ്.സി ഫാന്‍ എന്‍ഗേജ്‌മെന്റ് ലീഡ് ഹയ അല്‍ കുവാരി പറഞ്ഞു. ആരാധകര്‍ക്ക് വിവരങ്ങളും ആവശ്യമായ പിന്തുണയും തേടുന്നതിന് ഇതുപോലൊരു സൗകര്യം ലഭിക്കുകയെന്നത് മഹത്തരമായ കാര്യമാണെന്ന് കരുതുന്നതായി ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്കിലെ യു.എസ്.എ ആരാധകനായ ബ്രയാന്‍ റൈറ്റ് പറഞ്ഞു. നവംബര്‍ 19 മുതല്‍ ഡിസംബര്‍ 18 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഫാന്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കും.
60 രാജ്യങ്ങളില്‍നിന്നായി 400ലധികം ഫാന്‍ ലീഡര്‍ ശൃംഖലയായ ലോകകപ്പ് ഹോസ്റ്റ് കണ്‍ട്രി ഫാന്‍ എന്‍ഗേജ്‌മെന്റ് പ്രോഗ്രാം ഫിഫ ലോകകപ്പില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

Related Articles

Back to top button