BREAKING NEWSKERALA

മന്ത്രി ആര്‍.ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്ക് ഒപ്പം സുപ്രീം കോടതി നില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അപേക്ഷ. അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ അപേക്ഷ നല്‍കിയത്.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നടത്തിയ അഭിപ്രായപ്രകടനം സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. നവംബര്‍ പതിനെട്ടിന് മന്ത്രി കൊച്ചിയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.
മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനം ശരിയാണെന്ന് ജനം വിശ്വസിക്കാമെന്ന് അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം മന്ത്രി നടത്തി എന്നത് വിഷയം കൂടുതല്‍ ഗുരുതരമാക്കുന്നതാണ്. ഭരണഘടനയുടെ 19 (1)(a) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ല. ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ മുഖേന നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോര്‍ണി ജനറലിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സുപ്രീം കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്യാന്‍ കഴിയൂ.

കോടതിയലക്ഷ്യമെന്ന് പരാതിക്കാരന്‍ അവകാശപ്പെടുന്ന ബിന്ദുവിന്റെ പ്രസ്താവന:

‘സുപ്രീം കോടതിപോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്കൊപ്പംചേര്‍ന്ന് പോകുന്നതാണ് സുപ്രീം കോടതി വിധി’.

Related Articles

Back to top button