BREAKING NEWSKERALA

ടൈറ്റാനിയം തട്ടിപ്പ്: ശ്യാംലാലിന് എംഎല്‍എമാരുമായി അടുത്തബന്ധം, അന്വേഷണം എംഎല്‍എ ഹോസ്റ്റലിലേക്കും

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുകേസിന്റെ അന്വേഷണം എം.എല്‍.എ. ഹോസ്റ്റലിലേക്ക്. പ്രധാനപ്രതി ശ്യാംലാലിന് എം.എല്‍.എമാരുമായി അടുത്ത ബന്ധമെന്ന് മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എം.എല്‍.എ. ഹോസ്റ്റലിലേക്ക് നീണ്ടത്. റിസപ്ഷനിസ്റ്റ് മനോജ് ആണ് പോലീസിന് മൊഴി നല്‍കിയത്. ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയ മനോജ് ഇപ്പോള്‍ ഒളിവിലാണ്.
കേസിലെ പ്രധാനപ്രതികളില്‍ഒരാളായ ശ്യാംലാല്‍ എം.എല്‍.എ. ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും എം.എല്‍.എമാരില്‍ ചിലരുമായി ശ്യാംലാലിന് അടുത്തബന്ധമുണ്ടെന്നും പോലീസ് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനെപ്പറ്റി ആദ്യം പരാതി വന്നപ്പോഴാണ് പോലീസ് മനോജിന്റെ മൊഴിയെടുത്തത്. എം.എല്‍.എ. ഹോസ്റ്റലില്‍ വെച്ചാണ് ശ്യാംലാലിനെ മനോജ് പരിചയപ്പെട്ടത്. ശ്യാംലാലിന് മനോജ് കാര്‍ വാങ്ങി നല്‍കി. മനോജ് വാങ്ങി നല്‍കിയ ഈ കാറിലാണ് ശ്യാംലാല്‍ ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ അഭിമുഖത്തിനായി എത്തിച്ചിരുന്നതെന്നുമാണ് വിവരം.
തട്ടിപ്പില്‍ പങ്കാളിയായ അനില്‍കുമാര്‍ എം.എല്‍.എ. ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരനും സി.ഐ.ടി.യു. നേതാവുമാണ്. ഇതോടെ തട്ടിപ്പിന് പിന്നില്‍ ഉന്നതബന്ധങ്ങളുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
കേസില്‍ ഇതുവരെയായി ഒന്നാംപ്രതി ദിവ്യ ജ്യോതിമാത്രമാണ് പിടിയിലായത്. പ്രധാനപ്രതികളായ ശശികുമാരന്‍ തമ്പി, ശ്യാംലാല്‍, പ്രേംകുമാര്‍, മനോജ്, ദിവ്യയുടെ ഭര്‍ത്താവ് രാജേഷ് എന്നിവര്‍ ഒളിവിലാണ്.

Related Articles

Back to top button