BREAKING NEWSKERALANATIONAL

ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ. കൃഷ്ണകുമാര്‍ അന്തരിച്ചു

മുംബൈ: ടാറ്റ സണ്‍സ് മുന്‍ ഡയറക്ടറും ടാറ്റ ട്രസ്റ്റ് അംഗവുമായ ആര്‍.കെ. കൃഷ്ണകുമാര്‍ (84) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് മുംബൈയിലായിരുന്നു അന്ത്യം. തലശ്ശേരി സ്വദേശിയായ അദ്ദേഹം മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.
1963ല്‍ ടാറ്റ ഗ്രൂപ്പിലെത്തിയ കൃഷ്ണകുമാര്‍ ഗ്രൂപ്പിനുകീഴിലുള്ള ഒട്ടേറെ കമ്പനികളില്‍ സുപ്രധാനപദവികള്‍ വഹിച്ചു. ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്‌ലി, ഗുഡ് എര്‍ത്ത് ടീ, എയ്റ്റ് ഒ’ക്ലോക് കോഫി എന്നിവയെ ടാറ്റ ടീ ഏറ്റെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വ്യാപാരവ്യവസായ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് 2009ല്‍ രാജ്യം പദ്മശ്രീനല്‍കി ആദരിച്ചു.
മാഹി സ്വദേശിയായ അച്ഛന്‍ സുകുമാരന്‍ ചെന്നൈയില്‍ പോലീസ് കമ്മിഷണറായിരുന്നു. അമ്മ തലശ്ശേരി മൂര്‍ക്കോത്ത് സരോജിനി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പ്രാഥമികവിദ്യാഭ്യാസം. ലയോള കോളേജില്‍നിന്ന് ബിരുദവും പ്രസിഡന്‍സി കോളേജില്‍നിന്ന് ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1963ല്‍ ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസിലൂടെ കര്‍മരംഗത്തെത്തി. 1965ല്‍ ടാറ്റ ഗ്ലോബല്‍ ബിവറേജസിലേക്കു മാറി. ടാറ്റ ഫിന്‍ലേയെ ടാറ്റ ടീയായി റീബ്രാന്‍ഡ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1982ല്‍ സൗത്ത് ഇന്ത്യ പ്ലാന്റേഷന്‍സിന്റെ വൈസ് പ്രസിഡന്റായി. 1988ല്‍ കമ്പനിയുടെ ജോയന്റ് മാനേജിങ് ഡയറക്ടറും പിന്നീട് മാനേജിങ് ഡയറക്ടറുമായി.
1997 മുതല്‍ 2002 വരെ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിയുടെ ചുമതലവഹിച്ചു. തുടര്‍ന്ന് ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. പിന്നീട് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ വൈസ് ചെയര്‍മാനും മാനേജിങ് ഡയക്ടറുമായി. 2007ല്‍ സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റില്‍ അംഗമായി. 2009ല്‍ രത്തന്‍ ടാറ്റയുടെ സ്വകാര്യ നിക്ഷേപ കമ്പനിയായ ആര്‍.എന്‍.ടി. അസോസിയേറ്റ്‌സിന്റെ ചുമതലയേറ്റു. 2013ല്‍ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍നിന്ന് വിരമിച്ചു.
മുംബൈയിലെ ഹോര്‍ണിമാന്‍ സര്‍ക്കിള്‍ ഗാര്‍ഡന്‍സിലെ എല്‍ഫിന്‍സ്റ്റോണ ബില്‍ഡിങ്ങിലെ ടാറ്റ ട്രസ്റ്റ് ഓഫീസിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. ഭാര്യ: രത്‌ന. മകന്‍: അജിത്. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക്.

Related Articles

Back to top button