കൊച്ചി : ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തതിനോട് പ്രതികരിക്കാതെ പി വി അന്‍വര്‍ എം എല്‍ എ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ് പി വി അന്‍വര്‍ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎല്‍എ മറുപടി പറയാന്‍ സൗകര്യമില്ലെന്നും പറഞ്ഞു.
10 വര്‍ഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജന്‍സി പി വി അന്‍വര്‍ എം എല്‍ എയെ വിളിച്ചുവരുത്തിയത്. തന്റെ ഉടമസ്ഥതയില്‍ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാല്‍ 10 ശതമാനം ഷെയര്‍ നല്‍കാമെന്നും അന്‍വര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നല്‍കിയത്.
മാസം തോറും 50000 രൂപവീതം ലാഭ വിഹിതമായി നല്‍കാമെന്നും അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അന്‍വറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞത്. പണം നല്‍കിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അന്‍വറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്റെ പക്കല്‍ നിന്ന് പണം വാങ്ങിയതെന്നും സലീം ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് അന്‍വറിനെ ഇ ഡി വിളിച്ച് വരുത്തിയത്. സാമ്പത്തിക ഇടപാടില്‍ കളളപ്പണം ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നത്. ഇടപാടുമായി ബന്ധമുളള നിരവധിപ്പേരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.