കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കൊല്ലം ചവറയില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ചവറ മുക്കുത്തോട് സ്വദേശി മുഹമ്മദ് സാദിഖിനെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തു. യാത്രകളുമായി ബന്ധപ്പെട്ട രേഖകള്‍ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മുക്കുത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖിന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. സാദിഖിന്റെ വീട്ടില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ ശേഖരിച്ചു. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തില്‍ വ്യക്തമായ സൂചന ലഭിച്ചതോടെ സാദിഖിനെ സംഘം കസ്റ്റഡിയില്‍ എടുത്തു. കൊച്ചി എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തിയത്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മുന്‍കൂട്ടി വിവരം നല്‍കാതെ റെയ്ഡിന് തൊട്ടുമുന്നേയാണ് എന്‍ഐഎ പൊലീസിന്റെ സഹായം തേടിയത്.
റെയ്ഡിന്റെ വിശദാംശങ്ങള്‍ പൊലീസിനോട് പങ്കുവയ്ക്കാന്‍ എന്‍ഐഎ സംഘം തയാറായില്ല. റെയ്ഡ് നാലര മണിക്കൂര്‍ നീണ്ടു നിന്നു. ചവറ ഒട്ടോ റിക്ഷാ സ്റ്റാന്‍ഡില്‍ ഡ്രൈവറായിരുന്ന സാദിഖ് ഇപ്പോള്‍ പഴക്കച്ചവട രംഗത്താണ്. കഴിഞ്ഞ മാസം 29നും കൊല്ലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയത്.