തൃശൂര്‍: ജീവനൊടുക്കിയ അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത. അമ്മയുടെ മൃതദേഹം കാണിക്കാന്‍ പത്തും നാലും വയസുള്ള കുട്ടികളെ കൊണ്ടുവരില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞതായി യുവതിയുടെ വീട്ടുകാര്‍ പരാതിപ്പെടുന്നു. കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ വഴങ്ങുന്നില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്.
തൃശൂര്‍ പാവറട്ടിയിലാണ് സംഭവം. ആശയാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനം മൂലം കുന്നിക്കുരു കഴിച്ച് ആശ ജീവനൊടുക്കുകയായിരുന്നു എന്നാണ് ആരോപണം. ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ വിട്ടുതരണമെന്നതാണ് ആശയുടെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍ മക്കളെ വിട്ടുതരില്ലെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെന്ന് ആശയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
‘ ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ വിട്ടുതരാന്‍ കുറെ പരിശ്രമിച്ചു. യാചിച്ചു. അവര്‍ കൊന്നുകളഞ്ഞതാണ് എന്റെ മകളെ. രണ്ടുദിവസമായി കാത്തുനില്‍ക്കുന്നു. ഇതുവരെ മോളെ നോക്കാന്‍ അവര്‍ വന്നിട്ടില്ല. സംസ്‌കരിക്കാന്‍ പറ്റാതെ മോളുടെ മൃതദേഹം ഇവിടെ ഇട്ടേക്കാണ്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് മകള്‍ മരിച്ചത്’- ആശയുടെ ബന്ധുക്കള്‍ പറയുന്നു.