BREAKING NEWSNATIONAL

വൃന്ദ കാരാട്ടിന് പിന്നാലെ വിജേന്ദറിനോടും സമരവേദിയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: മുന്‍ ബോക്‌സിങ് താരവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിങ്ങിനോട് വേദിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ വനിതാ താരങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് വേദിയില്‍ നിന്ന് ഇറങ്ങാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന് രാഷ്ട്രീയനിറം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു വിജേന്ദര്‍ സിങ്ങിനോട് വേദിവിടാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചെയ്തു.
താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി വെള്ളിയാഴ്ചയാണ് വിജേന്ദര്‍ സിങ്ങ് ജന്തര്‍മന്തറിലെത്തിയത്. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന താരങ്ങള്‍ക്ക് പിന്തുണയുമായാണ് താന്‍ എത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയായ വിജേന്ദര്‍ സിങ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
കഴിഞ്ഞ ദിവസം, പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ചുവന്ന സി.പി.എം. നേതാവ് വൃന്ദാ കാരാട്ടിനോടും വേദിവിടാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത് അത്‌ലറ്റുകളുടെ പ്രതിഷേധമാണെന്നും പറഞ്ഞായിരുന്നു വൃന്ദാ കാരാട്ടിനോട് ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്‌റംഗ് പൂനിയ വേദിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്.
റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ മുപ്പതോളം താരങ്ങളാണ് ബുധനാഴ്ച ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചത്. പ്രതിഷേധത്തിന് പിന്തുണയുമായി സി.പി.ഐ. നേതാവ് ബിനോയ് വിശ്വവും ബി.ജെ.പി. നേതാവും ഗുസ്തി താരവുമായ ബബിത ഫോഗട്ടും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker