BREAKING NEWSKERALALATEST

റിസോർട്ട് വിവാദം; പറഞ്ഞതിൽ ഉറച്ച് പി.ജയരാജൻ

ഇ.പി.ജയരാജൻ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ നിരാകരിച്ചുവെങ്കിലും അതിൽ പി.ജയരാജൻ ഉറച്ചു തന്നെ നില്ക്കുകയാണ്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ.പി.ജയരാജന്റെ  വിശദീകരണത്തിനു ശേഷം പ്രസംഗിച്ച പി.ജയരാജൻ പിന്നോട്ടില്ലെന്ന സൂചനയാണ് നൽകിയത്.

പ്രശ്നം തണുപ്പിക്കാൻ  സിപിഎം നേതൃത്വം നടത്തിയ ശ്രമം വിഫലമായെന്നു സംസ്ഥാന കമ്മിറ്റിയിൽ തെളിഞ്ഞു. ഇരുവരും  വാദങ്ങൾ ഉന്നയിച്ചതിനു പിന്നാലെ  സംസ്ഥാന കമ്മിറ്റി അംഗങ്ങളും അതിൽ കക്ഷി ചേർന്നു. തർക്കമുണ്ടായ സാഹചര്യത്തിലാണു തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് പിന്നീട് എടുക്കുമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത്.

സംസ്ഥാന കമ്മിറ്റിയിൽ രണ്ടു പ്രമുഖ നേതാക്കൾ ഗുരുതര സാമ്പത്തിക ആരോപണത്തിന്റെ മേൽ ഏറ്റുമുട്ടിയതിന്റെ പഴി മാധ്യമങ്ങളിൽ ചാരുകയാണ് ഇന്നലെ ഗോവിന്ദൻ ചെയ്തത്. പാർട്ടി ഇക്കാര്യത്തിൽ നിലപാടെടുക്കാത്ത സാഹചര്യത്തിൽ അതേ കഴിയുന്നുള്ളൂ.

ഡിസംബറിലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉന്നയിച്ച അതേ കാര്യങ്ങൾ ഏറെക്കുറെ ആവർത്തിക്കുകയാണു പി. ജയരാജൻ ചെയ്തത്. ഇപിയുടെ ന്യായീകരണങ്ങളെ ചോദ്യം ചെയ്യാനോ ഏറ്റുമുട്ടലിലേക്കു നീങ്ങാനോ അദ്ദേഹം മുതിർന്നില്ല. വ്യക്തിപരമായ താൽപര്യമോ വിദ്വേഷമോ ഇതിനു പിന്നിലില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിസോർട്ടിൽ അവിഹിതമായി ഒന്നുമില്ലെന്ന് ഇ.പി.ജയരാജനും അങ്ങനെയുണ്ടായെന്നതിനു വിശ്വസനീയമായ വിവരം തനിക്കുണ്ടെന്ന് പി.ജയരാജനും അവകാശപ്പെട്ടു.

ഇരുവരും സംസാരിച്ച ശേഷം ഏഴു പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയിൽ ഇങ്ങനെ ആരോപണ–പ്രത്യാരോപണം ഉണ്ടായതിലെ  എതിർപ്പാണു പലരും പങ്കുവച്ചത്. ഉന്നത നേതാക്കൾ തമ്മിൽ ഏറ്റുമുട്ടുന്നുവെന്ന സ്ഥിതി  നല്ലതല്ല. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ച ആരോപണം ചോർന്നതും വിമർശന വിധേയമായി.

സംസ്ഥാന കമ്മിറ്റിയിൽ ഉയരുന്ന വിഷയങ്ങളിൽ  ആ യോഗത്തിനിടെ ചേരുന്ന സെക്രട്ടേറിയറ്റ് തന്നെ ചർച്ച ചെയ്തു തീരുമാനം കമ്മിറ്റിയെ അറിയിക്കാറുണ്ട്. ഇവിടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജനെതിരെയുള്ള  ആരോപണമായതിനാൽ തിരക്കിട്ടു തീരുമാനത്തിനു പാർട്ടി തുനിഞ്ഞില്ല. കേന്ദ്ര നേതൃത്വവുമായി കൂടി ആശയവിനിമയം നടത്തിയ ശേഷമേ നിലപാടെടുക്കൂ എന്ന സൂചനയാണു  കമ്മിറ്റിക്കു നൽകിയത്.  ചിലർ വേട്ടയാടുകയാണെന്നും അതു തുടർന്നാൽ പൊതു പ്രവർത്തനം തന്നെ അവസാനിപ്പിക്കുമെന്നുമുള്ള വികാരപരമായ നിലപാട് തനിക്ക് അടുപ്പമുള്ളവരോട് ഇ.പി. പ്രകടിപ്പിക്കുന്നുണ്ട്.

മടിയിൽ കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളൂവെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും തനിക്കു ഭയമില്ലെന്നും പോറലൊന്നു മേൽക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. റിസോർട്ട് വിവാദം സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്തെന്നും അന്വേഷണം നടന്നേക്കുമെന്നുമുള്ള വാർത്തകളോടായിരുന്നു ഇപിയുടെ പ്രതികരണം. ‘‘ഇതിനെല്ലാം പിന്നിൽ പാർട്ടിയിൽ ആരെങ്കിലുമുണ്ടെന്നു സംശയിക്കുന്നില്ല. പാർട്ടി സഖാക്കൾ എന്റെ കാവൽക്കാരാണ്. പ്രചാരണങ്ങളെല്ലാം മാധ്യമസൃഷ്ടിയാണ്. പാർട്ടിക്ക് ഇതൊരു വിവാദമല്ല.’’ ആരാണ് പ്രചാരണത്തിനു പിന്നിലെന്ന ചോദ്യത്തിന് അവരെ മാധ്യമങ്ങൾ തന്നെ കണ്ടെത്തൂ എന്നു ജയരാജൻ പറഞ്ഞു. പാർട്ടിയും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. – അദ്ദേഹം പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker