വിവാഹം പലരും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നായാണ് കാണുന്നത്. അതിനാല്‍ തന്നെ നമ്മുടെ പ്രിയപ്പെട്ടവരെല്ലാം ആ വേളയില്‍ കൂടെ വേണം എന്നും പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍, അതിന് അമ്മയേയും അച്ഛനേയും അടക്കം ക്ഷണിക്കാതിരുന്നാലോ? അങ്ങനെ ഒരു അനുഭവമാണ് ഒരാള്‍ റെഡ്ഡിറ്റില്‍ പങ്ക് വച്ചിരിക്കുന്നത്.
മകന്റെ വിവാഹത്തിന് അച്ഛനേയോ അമ്മയേയോ ക്ഷണിച്ചില്ല. ആ മകനാകട്ടെ അത്രയും നാളും അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീട്ടിലാണ് താമസിച്ചു പോന്നതും. അതിനാല്‍ തന്നെ ആ മകനെ വീട്ടില്‍ നിന്നും പുറത്താക്കട്ടെ എന്നാണ് ചോദ്യം. വധുവിന്റെ വീട്ടുകാര്‍ക്ക് അച്ഛനും അമ്മയും പോരാ എന്ന് തോന്നിയതിനാലാണത്രെ മകന്‍ അവരെ വിവാഹത്തില്‍ പങ്കെടുപ്പിക്കാതിരുന്നത്. അതിനാല്‍, താന്‍ മകന്‍ താമസിച്ചിരുന്ന വീട് വില്‍ക്കാന്‍ പോവുകയാണ് എന്നാണ് അച്ഛന്‍ പറയുന്നത്.
അവന്റെ പുതിയ ജീവിതത്തില്‍ നമ്മളെ വേണ്ട എന്ന് തോന്നുകയാണ് എങ്കില്‍ ആ വീട്ടില്‍ നിന്നും അവനെ പുറത്താക്കുകയല്ലേ വേണ്ടത് എന്നാണ് ചോദ്യം. റെഡ്ഡിറ്റില്‍ എഴുതിയിരിക്കുന്ന പോസ്റ്റില്‍ അച്ഛന്‍ പറയുന്നത് മകന്‍ കോളേജിലേക്ക് മാറുമ്പോള്‍ അവന് താമസിക്കാന്‍ വേണ്ടി അവര്‍ രണ്ടാമതൊരു വീട് കൂടി വാങ്ങിയിരുന്നു എന്നാണ്. അവര്‍ സാമ്പത്തികമായി മകനെ സഹായിക്കുകയും ചെയ്തിരുന്നു.
മകന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും ആ വീട്ടിലാണ് അവനൊപ്പം താസിച്ചിരുന്നു. അന്നെല്ലാം അവള്‍ക്ക് തങ്ങളെ ഇഷ്ടമായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍, രണ്ടു പേരുടെയും വീട്ടുകാര്‍ പരസ്പരം കാണാന്‍ വേണ്ടി ഒരുമിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
അവരെ കാണാന്‍ പോയി തിരികെ വന്ന ഭാര്യയും മകളുമാണ് പറഞ്ഞത് മകന്റെ വധുവിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നതിനോട് താല്പര്യം ഇല്ല എന്ന്. വിവാഹശേഷം മകനും വധുവും അവര്‍ നേരത്തെ താമസിച്ചിരുന്ന തങ്ങളുടെ വീട്ടിലേക്ക് താമസിക്കാനെത്തി. താനവിടെ ചെന്നപ്പോള്‍ താനെന്തിനാണ് അവിടെ ചെന്നത് എന്നും ചോദിച്ചു. എന്നാല്‍, താന്‍ തന്റെ മകനോട് സംസാരിക്കാനാണ് എത്തിയത് എന്ന് പറയുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.
എല്ലാം കൊണ്ടും ഗതികെട്ടപ്പോള്‍ 30 ദിവസം തരും അതിനുള്ളില്‍ ഭാര്യയുമായി ആ വീട്ടില്‍ നിന്നും ഇറങ്ങണം എന്നും ആ വീട് വില്‍ക്കാന്‍ പോവുകയാണ് എന്നും താന്‍ പറയുകയായിരുന്നു എന്നും അച്ഛന്‍ എഴുതുന്നുണ്ട്. എന്നാല്‍, റെഡ്ഡിറ്റില്‍ നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. മിക്കവാറും ആളുകള്‍ മകന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍, ചിലര്‍ വീട്ടില്‍ നിന്നും പുറത്താക്കുന്നത്ര കടുത്ത നടപടികളിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു.
***