അഗര്‍ത്തല(ത്രിപുര): കഴിഞ്ഞ അഞ്ചുവര്‍ഷമായി ജി.എസ്.ടി. കുടിശ്ശികയുടെ കണക്ക് കേരളം നല്‍കിയിട്ടില്ലെന്ന കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ ലോക്‌സഭയിലെ പരാമര്‍ശത്തോട് പ്രതികരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന് അവസാന ഗഡുവായി 750 കോടി രൂപ മാത്രമാണ് കിട്ടാനുള്ളതെന്നും ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും ബാലഗോപാല്‍ പറഞ്ഞു. ലോക്‌സഭയില്‍ ചോദ്യമുന്നയിച്ച എം.പി. ഇക്കാര്യം വ്യക്തമാക്കാത്തതില്‍ വിഷമമുണ്ടെന്നും ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. ജി.എസ്.ടി. നഷ്ടപരിഹാരമടക്കം കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള വിഹിതം കിട്ടാത്തതിനാലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നതെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നുമായിരുന്നു പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടത്. അക്കൗണ്ടന്റ് ജനറല്‍ (എ.ജി.) അംഗീകരിച്ച കണക്കുകള്‍ ജി.എസ്.ടി. നടപ്പാക്കിയ 201718 വര്‍ഷം മുതല്‍ കേരളം നല്‍കിയിട്ടില്ലെന്നും അതിനാലാണ് പണം നല്‍കാന്‍ സാധിക്കാത്തതെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ മറുപടി.
അതേസമയം, ജി.എസ്.ടി. കുടിശ്ശിക കിട്ടാനില്ലെന്ന വിഷയമയല്ല സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു. ജി.എസ്.ടി. കുടിശ്ശിക നേരത്തേ വലിയ തോതില്‍ കിട്ടാനുണ്ടായിരുന്നു. കണക്കുകള്‍ കൊടുത്ത് അത് ലഭിച്ചതാണ്. ഇനി അവസാന ഗഡുവായ 750 കോടി രൂപ മാത്രമാണ് കിട്ടാനുള്ളത്. കോവിഡ് മൂലവും ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകതയും മൂലം സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥനങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ കേന്ദ്രവിഹിതവും ലഭിക്കുന്നില്ല. ഇതിന്റെ കണക്കുകള്‍ ഉള്‍പ്പെടെ പുറത്തുവന്നതാണ്. ഇതാണ് സംസ്ഥാനം ചോദിക്കുന്നത്. കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ മറുപടി പറയുമ്പോള്‍ അക്കാര്യം എം.പി. തിരുത്തേണ്ടതായിരുന്നെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.