
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടന്നെന്ന് ആലപ്പുഴയിലെ സിപിഐഎം നേതാവ് എ. ഷാനവാസ്. ജിഎസ്ടി കമ്മീഷണറേറ്റ്, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതില്‍ ഗൂഢാലോചന സംശയിക്കുന്നതായും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഷാനവാസ് നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് കത്ത് നല്‍കുകയും ചെയ്തു.
പാര്‍ട്ടിക്ക് കൃത്യമായി പരാതി നല്‍കിയിട്ടുണ്ടെന്നും ആര്‍ക്കെതിരെയാണ് പരാതി എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും എ ഷാനവാസ് ട്വന്റിഫോറിനോട് പ്രതികരിച്ചു. തനിക്കെതിരെയുണ്ടായ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഇത്തരത്തില്‍ അക്രമം നേരിട്ട മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനുണ്ടോ? ഇഡി, ജിഎസ്ടി കമ്മിഷണറേറ്റ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, ഡിജിപി എന്നിങ്ങനെ എല്ലാവരിലേക്കും തനിക്കെതിരെ പരാതി കൊടുത്തു. തന്റെ ബിസിനസ് പോലും തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്’. എ ഷാനവാസ് ആരോപിച്ചു.
ഷാനവാസിനെതിരായ നടപടിയില്‍ ആലപ്പുഴയിലെ സിപിഐഎം നേതൃത്വം രണ്ട് തട്ടിലായിരുന്നു. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ഷാനവാസിനെതിരെ തെളിവില്ല എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ഇതിലായിരുന്നു ഔദ്യോഗിക വിഭാഗത്തിന് അമര്‍ഷം. നിരോധിത പാന്‍മസാല കടത്തിയ ലോറി ഷാനവാസിന്റേതാണെന്നും പ്രതികളില്‍ ചിലര്‍ക്ക് ഷാനവാസുമായി ബന്ധമുണ്ടെന്നും തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാലയാണ് ഷാനവാസിന്റെ ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്. ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ലോറി വാടയ്ക്ക് നല്‍കിയതാണെന്നുമായിരുന്നു ഷാനവാസിന്റെ വിശദീകരണം. സിപിഐഎം ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമായ ഇജാസ് ഇക്ബാല്‍ ആണ് ലഹരിക്കേസിലെ മുഖ്യപ്രതി. ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ആയിരുന്നു ഷാനവാസ്.